2023-ലെ ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവി നൽകിയ മാനസികാഘാതത്തിൽ നിന്ന് കരകയറാൻ സഹായിച്ചത് ഇന്ത്യയിലെ ജനങ്ങൾ നൽകിയ പിന്തുണ കൊണ്ടാണെന്ന് നായകൻ രോഹിത് ശർമ്മ. ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് രോഹിത് ശർമ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര എന്നിവർ കളിക്കളത്തിലേക്ക് മടങ്ങി എത്തുന്നത്. പ്രോട്ടീസിനെതിരായ ടെസ്റ്റ് മത്സരത്തിന് മുമ്പ് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകകപ്പിന് ശേഷം പുറത്തുനിന്നുള്ള ആളുകളുടെ പ്രോത്സാഹനവും പിന്തുണയും ലഭിച്ചു. ഈ പിന്തുണയാണ് തോൽവിയിൽ നിന്ന് കരകയറാൻ എന്നെ സഹായിച്ചത്. ദക്ഷിണാഫ്രിക്കയിൽ ഇതുവരെയും ഇന്ത്യയ്ക്ക് ടെസ്റ്റ് പരമ്പര സ്വന്തമാക്കാനായിട്ടില്ല. ടെസ്റ്റ് പരമ്പര സ്വന്തമാക്കിയാൽ അത് ലോകകപ്പ് തോൽവിയ്ക്ക് പകരമാകുമോ എന്ന് എനിക്കറിയില്ല. ലോകകപ്പിനെ മറ്റ് മത്സരങ്ങളുമായി താരതമ്യപ്പെടുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.