ന്യൂഡൽഹി: പുഷ്-പുൾ സാങ്കേതികവിദ്യയിൽ പുതുതായി നിർമ്മിച്ച അമൃത് ഭാരത് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി വൈകാതെ ഫ്ളാഗ് ഓഫ് ചെയ്യുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് പോലെ അമൃത് ഭാരത് ട്രെയിനുകളും ജനങ്ങൾ ഏറ്റെടുക്കുമെന്നും യാത്രക്കാർക്ക് അസൗകര്യങ്ങളൊന്നുമില്ലാതെ വൈകാതെ ഈ ട്രെയിനുകളിൽ യാത്ര ചെയ്യാൻ സാധിക്കുമെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു.
” അമൃത് ഭാരത് ട്രെയിനുകളിൽ പുഷ്-പുൾ സാങ്കേതിക വിദ്യയാണ് നൽകിയിരിക്കുന്നത്. ഇത് ട്രെയിനിന്റെ വേഗത കൂട്ടുകയും യാത്ര സുഗമമാക്കുകയും ചെയ്യുന്നു. ഇത് വളവുകളുള്ള സ്ഥലങ്ങളിലും പാലങ്ങളുള്ള സ്ഥലങ്ങളിലും സമയം ലാഭിക്കാൻ സഹായിക്കുന്നതാണ്. ഇതിനുപുറമെ യാത്രക്കാർക്ക് സുഖമായി ഇരിക്കാൻ വിശാലമായ സീറ്റിംഗ് സംവിധാനങ്ങളും ഫോണുകൾ ചാർജ് ചെയ്യാനായി സീറ്റുകളുടെ സമീപം തന്നെ ചാർജിംഗ് പോയിന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. ദിവ്യാംഗർക്കായി പ്രത്യേക ശൗചാലയ സൗകര്യമാണ് ട്രെയിനിൽ ഒരുക്കിയിരിക്കുന്നത്” – അശ്വിനി വൈഷ്ണവ് പറഞ്ഞു.
വന്ദേഭാരത് ട്രെയിനുകളിലേതു പോലെ തന്നെ അമൃത് ഭാരത് ട്രെയിനിലും സമ്പൂർണ ലോക്കോമോട്ടീവ് ക്യാബുകൾ സ്ഥാപിച്ചിട്ടുണ്ട്. അമൃത് ഭാരത് ട്രെയിനിലും പ്രധാനമന്ത്രിയുടെ ആത്മനിർഭര ഭാരതത്തിനു കീഴിൽ തദ്ദേശീയമായി നിർമ്മിച്ച പുഷ്-പുൾ സാങ്കേതികവിദ്യകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് രാജ്യത്തിന്റെ അഭിമാനം ഉയർത്തുകയാണെന്നും റെയിൽവേ മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം ഡൽഹി റെയിൽവേ സ്റ്റേഷനിൽ പുതുതായി നിർമ്മിച്ച അമൃത് ഭാരത് ട്രെയിൻ മന്ത്രി അശ്വനിവൈഷ്ണവ് പരിശോധിക്കുകയും ചെയ്തിരുന്നു.