ന്യൂഡൽഹി: ഇന്ത്യയിലെ വ്യാവസായിക കപ്പലായ എംവി ചെം പ്ലൂട്ടോ അറബിക്കടലിൽ വച്ച് ആക്രമിക്കപ്പെട്ട സംഭവത്തിൽ അക്രമികൾക്ക് മുന്നറിയിപ്പുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തുമെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. ഡ്രോൺ ആക്രമണം നടത്തിയവർ ആഴക്കടലിൽ പോയി ഒളിച്ചാലും അവരെ കണ്ടെത്തുമെന്ന് പ്രതിരോധ മന്ത്രി അറിയിച്ചു.
ഇന്ത്യയുടെ വ്യാവസായിക കപ്പലായ എംവി ചെം പ്ലൂട്ടോ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ ഐഎൻഎസ് ഇംഫാൽ കമ്മീഷൻ ചെയ്യുന്ന വേളയിലായിരുന്നു പ്രതിരോധമന്ത്രിയുടെ പരാമർശം. കഴിഞ്ഞ 23-നായിരുന്നു കപ്പൽ ആക്രമിക്കപ്പെട്ടത്. 21 ഇന്ത്യൻ പൗരന്മാരും ഒരു വിയറ്റ്‌നാമീസ് പൗരനും കപ്പലിലുണ്ടായിരുന്നു.
ചെങ്കടലിൽ എംവി സായ് ബാബ കപ്പലിന് നേരെയും അറബിക്കടലിൽ എംവി ചെം പ്ലൂട്ടോയ്‌ക്ക് നേരെയും നടന്ന ഡ്രോൺ ആക്രമണങ്ങളെ വളരെ ഗൗരവത്തോടെയാണ് കേന്ദ്രസർക്കാർ കാണുന്നതെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. സമീപകാലത്ത് നടന്ന എല്ലാ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ മേഖലയിൽ ഇന്ത്യൻ നാവികസേന നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വളർച്ചയും സമ്പദ്‌വ്യവസ്ഥയിലെ പുരോഗതിയും പല രാജ്യങ്ങളെയും അസ്വസ്ഥമാക്കുന്നുണ്ടെന്നതിന്റെ സൂചനയാണ് ഇത്തരം ആക്രമണങ്ങൾ. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സുരക്ഷ ഉറപ്പുവരുത്തുന്നതിൽ ഭാരതത്തിന്റെ നാവികസേന വഹിക്കുന്ന പങ്ക് നിസ്തുലമാണ്. സമുദ്ര വ്യാപാരം സുഗമമാക്കുന്നതിനും സുരക്ഷിതമാക്കുന്നതിനും ഇന്ത്യ പ്രതിജ്ഞാബദ്ധരാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.