ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പ്രസ്താവനയ്‌ക്കെതിരെ വിശ്വഹിന്ദു പരിഷത്ത്. രാഷ്‌ട്രീയ എതിർപ്പ് മനസിലാക്കാൻ സാധിക്കുമെന്നും, എന്നാൽ സ്വന്തം പേരിനോട് ഇത്രയധികം വെറുപ്പ് കാണിക്കണമെങ്കിൽ, അയാൾ തീർച്ചയായും ഒരു കമ്മ്യൂണിസ്റ്റുകാരനായിരിക്കുമെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബൻസാൽ പറഞ്ഞു.
ജനുവരി 22ലെ ചടങ്ങിലേക്ക് വിഎച്ച്പി തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും, മതത്തെ രാഷ്‌ട്രീയവുമായി ബന്ധപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതിനാൽ ഈ ചടങ്ങിൽ പങ്കെടുക്കില്ലെന്നുമാണ് യെച്ചൂരി പറഞ്ഞത്. പിന്നാലെയാണ് വിനോദ് ബൻസാൽ സമൂഹമാദ്ധ്യമത്തിൽ വിമർശനവുമായി രംഗത്തെത്തിയത്. ” സീതാറാം എന്ന് പേരുള്ള വ്യക്തി അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് പറയുന്നത്.
രാഷ്‌ട്രീയ എതിർപ്പുകൾ മനസിലാക്കാൻ സാധിക്കുന്നതേ ഉള്ളു. പക്ഷേ സ്വന്തം പേര് ഇത്രയധികം വെറുക്കണമെങ്കിൽ അയാൾക്ക് ഒരു കമ്മ്യൂണിസ്റ്റ് ആകാൻ മാത്രമേ സാധിക്കൂ. ഭഗവാൻ രാമനെ ആണോ അതേ സ്വന്തം പേരിനെയാണോ എതിർത്തത് എന്ന് യെച്ചൂരി വ്യക്തമാക്കണം. എത്ര കാലം നിങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുമെന്നും” അദ്ദേഹം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഭഗവാൻ രാമൻ വിളിച്ചവർക്ക് മാത്രമേ അയോദ്ധ്യയിലേക്ക് എത്താൻ സാധിക്കുകയുള്ളു എന്നാണ് വിഷയത്തിൽ മീനാക്ഷി ലേഖി പ്രതികരിച്ചത്.















