ചെന്നൈ: ബുധനാഴ്ച പുലർച്ചെ രണ്ട് റൗഡികളെ കാഞ്ചീപുരം പോലീസ് ഏറ്റുമുട്ടലിൽ വെടിവെച്ചു കൊന്നു . പുലർച്ചെ 3.30ഓടെ കാഞ്ചീപുരം റെയിൽവേ പാലത്തിന് സമീപം ആണ് ഏറ്റുമുട്ടൽ ഉണ്ടായത്. പോലീസുകാരെ വെട്ടിക്കൊല്ലാൻ ശ്രമിച്ച രഘുവരനും കറുപ്പ് ഹസ്സനും ആണ് കൊല്ലപ്പെട്ടത്.
ഇരുപതിലധികം ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്ന എ പ്ലസ് റൗഡി പ്രഭാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കൊല്ലപ്പെട്ടവർ. ചൊവ്വാഴ്ചയാണ് റൗഡി പ്രഭാകരൻ വെട്ടേറ്റ് മരിച്ചത്. കൊലപാതകക്കേസിൽ ഇവരെ പിടികൂടാൻ പോലീസ് സംഘം ശ്രമിച്ചതിന് പിന്നാലെയാണ് സംഭവം . പൊളിഞ്ഞ കെട്ടിടത്തിൽ ഒളിച്ചിരുന്ന ഇരുവരും റെയ്ഡിനെത്തിയ പോലീസുകാരെ ആക്രമിക്കാൻ തുടങ്ങിയെന്നാണ് പോലീസ് പറയുന്നത്. സ്പെഷ്യൽ സബ് ഇൻസ്പെക്ടർ രാമലിംഗത്തെയും കോൺസ്റ്റബിൾ ശശികുമാറിനെയും റൗഡികൾ അരിവാളുകൊണ്ട് ആക്രമിച്ചെന്നും അവർ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് പറഞ്ഞു.
കാഞ്ചീപുരം ജില്ലയിലെ പല്ലവർ മേട് സ്വദേശിയാണ് മുൻപ് കൊല്ലപ്പെട്ട ശരവണൻ എന്ന പ്രഭ. ഇയാൾക്കെതിരെ കൊലപാതകം, കവർച്ച, കഞ്ചാവ് വിൽപ്പന, മോഷണം തുടങ്ങി വിവിധ കുറ്റകൃത്യങ്ങളിൽ 40 കേസുകൾ നിലവിലുണ്ടെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ച ജാമ്യത്തിലിറങ്ങിയ പ്രഭ കവർച്ച കേസിൽ പല്ലവർ മേട്ടിൽ നിന്ന് കാഞ്ചീപുരം കോടതിയിൽ ഹാജരാകാൻ നടന്നുപോകുന്നതിനിടെ വെള്ള കാറിലെത്തിയ സംഘം ഇടിച്ചുവീഴ്ത്താൻ ശ്രമിച്ചു. അതിൽ നിന്ന് രക്ഷപ്പെടാൻ പ്രഭ ശ്രമിച്ചെങ്കിലും അടുത്തിടെ കാലിൽ ശസ്ത്രക്രിയ നടത്തിയതിനാൽ വേഗത്തിൽ ഓടാൻ കഴിഞ്ഞില്ല. തുടർന്ന് ഹെൽമറ്റ് ധരിച്ച മൂന്നംഗ സംഘം പട്ടാപ്പകൽ പ്രഭയെ റോഡിൽ വെട്ടി കൊലപ്പെടുത്തി പ്രതികൾ ഓടി രക്ഷപ്പെട്ടു.
കാഞ്ചീപുരം ജില്ലാ പോലീസ് കേസെടുത്ത് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രണ്ട് പ്രതികൾ പുതിയ റെയിൽവേ സ്റ്റേഷന് സമീപം ഒളിച്ചിരിക്കുന്നതായി സന്ദേശം ലഭിച്ചതിനെത്തുടർന്ന് പ്രത്യേക പോലീസ് സംഘം സ്ഥലത്തെത്തി. അവരെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ, അവർ പോലീസുകാരെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ മറ്റൊരു വഴിയുമില്ലാതെ പോലീസ് വെടിയുതിർത്തു എന്നാണ് പോലീസ് അറിയിച്ചത്.