തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി നിർമ്മിച്ച പുൽക്കൂടിനു മുന്നിലൂടെ അമിത വേഗത്തിൽ വാഹനമോടിച്ചതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ പിടിയിൽ. പരശുവയ്ക്കൽ സ്വദേശികളായ, രാജേഷ്, അക്ഷയ്, സരൂപ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ക്രിസ്തുമസ് ആഘോഷത്തിന്റെ ഭാഗമായി പരശുവയ്ക്കൽ മലഞ്ചുറ്റിനു സമീപത്തായി നിർമ്മിച്ചിരുന്ന പുൽക്കൂടിനു മുന്നിലൂടെ പെരുവിള സ്വദേശികളായ അഖിൽ, വിജിൻ, മനു, എന്നിവർ അമിത വേഗത്തിൽ വാഹനമോടിച്ചതിനെ തുടർന്ന് പ്രതികളായ മറ്റു മൂന്ന് യുവാക്കൾ ഇവരെ ചോദ്യം ചെയ്തിരുന്നു. ഇത് പിന്നീട് സംഘർഷത്തിലേക്ക് നയിച്ചു. തുടർന്ന് നാട്ടുകാർ ഇടപെട്ട് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടെങ്കിലും പിന്നീട് റോഡരികിൽ നിന്ന യുവാക്കളെ പ്രതികൾ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.