ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ‘ഞങ്ങളുടെ സുഹൃത്തുക്കൾക്ക് എല്ലാ വിജയങ്ങളും ആശംസിക്കുന്നുവെന്നും രാഷ്‌ട്രീയ ശക്തികൾ എന്തായാലും ഇന്ത്യയും റഷ്യയും തമ്മിൽ പരമ്പരാഗത ബന്ധം നിലനിൽക്കുമെന്നും വ്‌ളാഡിമിർ പുടിൻ പറഞ്ഞു. വിദേശകാര്യ മന്ത്രി ഡോ.എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ അറിയിക്കാൻ ഡോ ജയശങ്കറിനോട് ആവശ്യപ്പെടുകയും കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രിയെ റഷ്യ സന്ദർശിക്കാൻ പുടിൻ ക്ഷണിക്കുകയും ചെയ്തു.
യുക്രെയ്നുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വളരെ അധികം ആഗ്രഹിക്കുന്നുണ്ടെന്നും, അതിനായി പ്രവർത്തിക്കാൻ അദ്ദേഹം തയ്യാറാണെന്ന് തനിക്ക് അറിയാമെന്നും പുടിൻ വ്യക്തമാക്കി. യുക്രെയ്ൻ വിഷയം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ ഇന്ത്യയുമായി പങ്കുവയ്‌ക്കാൻ തയ്യാറാണെന്നും പുടിൻ അറിയിച്ചു.
‘ലോകമെമ്പാടും പല പ്രശ്നങ്ങൾ ഉണ്ടായിട്ടും, ഏഷ്യയിലെ നമ്മുടെ യഥാർത്ഥ സുഹൃത്തായ ഭാരതവുമായുള്ള ബന്ധം വർദ്ധിച്ചുവരുന്നു എന്നത് ശ്രദ്ധിക്കുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു. തീർച്ചയായും, ഞങ്ങളുടെ പ്രിയ സുഹൃത്ത്, പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ സന്ദർശിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, പ്രസക്തവും സമകാലികവുമായ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാനും റഷ്യൻ-ഇന്ത്യൻ ബന്ധത്തിന്റെ സാധ്യതകളുമായി സംസാരിക്കാനും ഞങ്ങൾക്ക് കഴിയും.
അടുത്ത വർഷം ഇന്ത്യയ്‌ക്ക് ‘തിരക്കേറിയ രാഷ്‌ട്രീയ ഷെഡ്യൂൾ’ ഉണ്ടാകും, എന്നിരുന്നാലും ഞങ്ങൾക്ക് അദ്ദേഹത്തെ കാണണമെന്ന് പറയൂ.. പാർലമെന്റിലെ പൊതുതിരഞ്ഞെടുപ്പ് അടുത്ത വർഷമാണ്. ഞങ്ങളുടെ സുഹൃത്തുക്കൾക്ക് അതിൽ എല്ലാ വിജയവും ആശംസിക്കുന്നു. രാഷ്‌ട്രീയ ശക്തികൾ എന്തായാലും, നമ്മുടെ രാജ്യങ്ങൾക്കിടയിൽ പരമ്പരാഗത സൗഹൃദ ബന്ധം നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.’-റഷ്യൻ പ്രസിഡന്റ് പുടിൻ വ്യക്തമാക്കി.















