പാറ്റ്ന: ബീഹാറിലെ കൈമൂർ ജില്ലാ ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഒരു ഓഫീസിൽ ജീവനക്കാർ ജോലി ചെയ്യുന്നത് ഹെൽമറ്റ് ധരിച്ച്. ജീർണാവസ്ഥയിലായ കെട്ടിടത്തിന്റെ കോൺക്രീറ്റ് പ്ലാസ്റ്റർ അടർന്ന് തലയിൽ വീഴുന്നത് പതിവായതൊടെയാണ് ജീവനക്കാർ ഹെൽമെറ്റ് ധരിക്കാൻ തുടങ്ങിയത്.
കഴിഞ്ഞ 7 വർഷമായി ഇതേ അവസ്ഥയാണെന്ന് ജീവനക്കാർ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർക്ക് നിരവധി തവണ കത്തെഴുതിയെങ്കിലും പ്രതികരണമുണ്ടായില്ല. ഇപ്പോൾ ഹെൽമറ്റ് മാത്രമാണ് ആശ്വാസമെന്നും ജീവനക്കാർ പറയുന്നുണ്ട്. പക്ഷെ ഏത് ഓഫീസിൽ നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നതെന്ന് വ്യക്തമല്ല.
ഓഫീസിൽ ജോലി ചെയ്യുമ്പോൾ ഹെൽമറ്റ് ധരിക്കാറുണ്ടെന്ന് ജീവനക്കാർ തന്നെ സമ്മതിക്കുന്നുണ്ട്. ഇവിടെയുള്ള കെട്ടിടം ജീർണാവസ്ഥയിലാണ്. പ്ലാസ്റ്റർ തലയിൽ വീണ് പരിക്കേൽക്കുന്നത് സാധാരണമാണ്. ജോലി ചെയ്യുമ്പോൾ എപ്പോഴും ഭയമാണ്. ഇങ്ങനെയാണെങ്കിൽ കോൺക്രീറ്റ് തലയിൽ വീണ് ആരെങ്കിലും മരിക്കാൻ അധികം താമസമില്ല, മറ്റൊരു ജീവനക്കാരൻ കൂട്ടിച്ചേർത്തു.