സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യയുടെ മോഹങ്ങൾക്ക് തിരിച്ചടി. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയോട് ഇന്നിംഗ്‌സിനും 32 റൺസിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യയ്‌ക്കായി വിരാട് കോലി(76) മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. നാന്ദ്രെ ബർഗർ, കഗീസോ റബാദ, മാർക്കോ ജാൻസൺ എന്നിവരാണ് ഇന്ത്യൻ ബാറ്റിംഗ് നിരയുടെ നട്ടെല്ലാടിച്ചത്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം കേപ് ടൗണിൽ ജനുവരി മൂന്നിന് നടക്കും. മത്സരത്തിൽ 1-0 ന് ദക്ഷിണാഫ്രിക്കയാണ് മുന്നിൽ. സ്‌കോർ- ഇന്ത്യ 245, 131; ദക്ഷിണാഫ്രിക്ക 408
163 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി മൂന്നാം ദിനം രണ്ടാം ഇന്നിംഗ്‌സ് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 34.1 ഓവറിൽ 131 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. വിരാട് കോലിയ്‌ക്ക് പുറമെ യുവതാരം ശുഭ്മാൻ ഗില്ലിന്(24) മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടക്കാനായത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയ്‌ക്ക് തിരിച്ചടി നേരിട്ടു. റൺസൊന്നും നേടാനാകാതെ നായകൻ രോഹിത് ശർമ്മ(0) കൂടാരം കയറി. പിന്നാലെ യശസ്വി ജയ്‌സ്വാളിനെ(5) നാന്ദ്രെ ബർഗർ മടക്കി. സ്‌കോർ ബോർഡിൽ 13 റൺസിന് 2 വിക്കറ്റ് നഷ്ടമായിരിക്കെ ഇന്ത്യയ്‌ക്ക് ക്രീസിൽ നിലയുറപ്പിച്ച വിരാട് കോലിയും ശുഭ്മാൻ ഗില്ലും ചേർന്ന് ആത്മവിശ്വസം പകർന്നു. എന്നാൽ ഇരുവരെയും മാർക്കോ ജാൻസൺ പുറത്താക്കി. കെ.എൽ. രാഹുൽ (4), ആർ. അശ്വിൻ (0), ശാർദൂൽ ഠാക്കൂർ (2), ജസ്പ്രീത് ബുമ്ര (0), മുഹമ്മദ് സിറാജ് (4) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. പ്രസിദ്ധ് കൃഷ്ണ ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു.
നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ 408 റൺസിന് ദക്ഷിണാഫ്രിക്ക ഓൾ ഔട്ടായിരുന്നു. ഇതോടെ 163 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡും ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. 185 റൺസെടുത്ത ഡീൻ എൽഗാറാണ് പ്രോട്ടീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. മാർക്കോ ജാൻസണും ദക്ഷിണാഫ്രിക്കൻ നിരയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. 84 റൺസെടുത്ത താരം ജാൻസൺ പുറത്താകാതെ നിന്നു.















