കളിയരങ്ങൊഴിഞ്ഞ മാന്ത്രികൻ ഓർമ്മകളുടെ ​ഗ്യാലറിയിൽ ചേക്കേറിയിട്ട് ഒരാണ്ട്; കാണാം ചില സുവർണ ​ഗോളുകൾ

Published by
Janam Web Desk

കാൽപന്തിന്റെ മാന്ത്രികത ലോകത്തിന് പകർന്നു നൽകിയ ഏറ്റവും വലിയ മജീഷ്യൻ അരങ്ങൊഴിഞ്ഞിട്ട് ഇന്ന് ഒരാണ്ട്.എഡ്‌സണ്‍ അരാന്റസ് ഡൊ നാസിമെന്റോ എന്ന പെലെയെ വൻകുടലിൽ പിടികൂടിയ അർബുദം ഏറെ നാളത്തെ പ്രതിരോധത്തിന് ശേഷം കീഴ്‌പ്പെടുത്തുകയായിരുന്നു. പലപ്പോഴും ​ഫൈനൽ വിസിൽ മുഴക്കി മരണമെത്തിയപ്പോഴും അയാൾ അതിനെയോക്കെ ഇൻജ്വറി ടൈമിൽ മറികടന്നിരുന്നു.

എന്നാൽ ഡിസംബർ 29ന് പ്രതിരോധം അവസാനിപ്പിച്ച് ഫുട്ബാൾ രാജാവിന്റെ കിരീടം താഴെവച്ച പെലെ ഓർമ്മകളുടെ ​ഗ്യാലറിയിലേക്ക് ചേക്കേറുകയായിരുന്നു. 82-ാം വയസിലായിരുന്നു ഫുട്ബോൾ ആരാധകരെ കണ്ണീരിലാഴ്‌ത്തിയ ആ വിയോ​ഗം. ശേഷം വന്നവരും മുൻപേ പോയവരും നൂറ്റാണ്ടിന്റെ ഫുട്ബോൾ താരമായ പെലെയ്പ്പൊം പോന്നവരാണോ എന്ന ചോദ്യത്തിന് ഒരിക്കലും അതെ എന്നൊരു ഉത്തരമുണ്ടാകില്ല. മൂന്ന് ഫുട്ബോൾ ലോകകിരീടങ്ങൾ ചൂടിയ ഒരേയൊരു രാജാവാണ് പെലെ.

ബ്രസീൽ ഫുട്ബോൾ അസോസിയേഷൻ കണക്കു പ്രകാരം ഔദ്യോഗികവും അനൗദ്യോഗികവുമായ 1367 മത്സരങ്ങളിൽനിന്ന് 1283 ഗോളുകൾ സന്റോസിന്റെ ജീവശ്വാസമായിരുന്ന പെലെ അടിച്ചുകൂട്ടിയിട്ടുണ്ട്.റെക്കോർഡുകൾ ആ രാജാവിന്റെ കിരീടത്തിന്റെ പൊൻതൂവലുകൾ മാത്രമായിരുന്നു, അയാളെ വേറിട്ടു നിർത്തുന്ന ഒരു ഘടകം മാത്രം. ആ പ്രതിഭയുടെ ആഴവും പരപ്പും സ്വാധീനവും ഒരു സാ​ഗരമെന്നപ്പോൽ പരിധികളില്ലാതെ വ്യാപിച്ചുകിടക്കുകയാണിപ്പോഴും.

ഫുട്ബോളിനെ ഇത്രയും ജനകീയമാക്കിയ പെലെയെ ഒരു പക്ഷേ ഫുട്ബോൾ അറിയാത്തവർ പോലും ഇതിഹാസമായി ആരാധിക്കുന്നുണ്ട്. ആത്മസമർണവും പ്രതിഭയും സമ്മേളിച്ച ഇതിഹാസമായി വളർന്ന പെലെ എന്നാൽ അത് ഫുട്ബോൾ തന്നെയാണ്. സാന്റോസിലെ നെക്രോപോൾ എക്യുമെനിക സെമിത്തേരിയിലാണ് അയാൾ അന്ത്യവിശ്രമം കൊള്ളുന്നത്. ഓർമ്മദിവസം നിരവധി ആരാധകരാണ് പൂക്കളും ഫുട്ബോളുമായി സെമിത്തേരിയിലെത്തിയത്.

“>

Share
Leave a Comment