ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ അഡ്മിറൽമാരുടെ എപ്പൗലെറ്റുകളുടെ( EPAULETTES) പുതിയ ഡിസൈൻ പുറത്തിറക്കി. ഡിസംബർ 4ന് നേവികസേന ദിനത്തോടനുബന്ധിച്ച് സിന്ധുദുർഗിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ ഡിസൈൻ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം നടത്തിയത്. പുതിയ ഡിസൈനിൽ ഗോൾഡൺ നേവി ബട്ടൺ, അഷ്ടഭുജം(OCTAGON), വാൾ, ടെലസ്കോപ്പ് എന്നിവയാണ് ഉൾപ്പെടുന്നത്.
നാവികസേനയുടെ പതാകയിൽ നിന്നും ഛത്രപതി ശിവാജി മഹാരാജിന്റെ രാജ്യമുദ്രയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ളതാണ് പുതിയ എപ്പൗലെറുകൾ. രാജ്യത്തിന്റെ സമുദ്ര പൈതൃകവുമായുള്ള ബന്ധത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് നാവികസേന പ്രസ്താവനയിൽ വ്യക്തമാക്കി. ഛത്രപതി ശിവാജി മഹാരാജ് തന്റെ ഔദ്യോഗിക കത്തിടപാടുകളിൽ ഉപയോഗിച്ചിരുന്ന രാജമുദ്രയ്ക്ക് വലിയ ചരിത്ര പ്രാധാന്യമാണുള്ളത്. അദ്ദേഹത്തിന്റെ പിതാവ് ഷാജിരാജെ ഭോസാലെ സമ്മാനിച്ച രാജമുദ്രയാണെന്നാണ് പറയപ്പെടുന്നത്.
കൊളോണിയൽ പാരമ്പര്യത്തെ ഇല്ലാതാക്കുന്നതാണ് ഗോൾഡൺ നേവി ബട്ടൺ. എട്ട് ദിക്കുകളെ അടയാളപ്പെടുത്തുന്ന ചുവന്ന നിറത്തിലുള്ള അഷ്ടഭുജം നേവിയുടെ മുന്നോട്ടുള്ള കുതിപ്പിനെയാണ് സൂചിപ്പിക്കുന്നത്. നാവികസേനയുടെ സത്തയെ വാളും ദീർഘവീക്ഷണത്തെ ടെലസ്കോപ്പും പ്രതിനിധീകരിക്കുന്നു. ആദ്യഘട്ടത്തിൽ അഡ്മിറൽ, വൈസ് അഡ്മിറൽ, റിയർ അഡ്മിറൽ എന്നീ പദവികൾ വഹിക്കുന്നവർക്കാണ് പുതിയ എപ്പൗലെറ്റുകൾ ഉണ്ടായിരിക്കുക.