സമുദ്രാതിർത്തി ലംഘിച്ചു; ബംഗ്ലാദേശ് മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ

Published by
Janam Web Desk

കൊൽക്കത്ത: പശ്ചിമബംഗാളിലെ സുന്ദർബനിൽ ആറ് ബംഗ്ലാദേശ് മത്സ്യ തൊഴിലാളികൾ പിടിയിൽ. സമുദ്രാതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്താനെത്തിയവരെയാണ് പശ്ചിമ ബംഗാൾ വനം വകുപ്പ് അറസ്റ്റ് ചെയ്തത്. ഇവരുടെ മത്സ്യബന്ധന ബോട്ടും അധികാരികൾ പിടിച്ചെടുത്തു. ഇവരുടെ പക്കൽ നിന്ന് ആയുധങ്ങൾ കണ്ടെടുത്തതായും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അലിപൂർ കോടതിയിൽ ഹാജരാക്കിയ മത്സ്യത്തൊഴിലാളികളെ 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

ബംഗ്ലാദേശിലെ ബഖർഹട്ട് ജില്ലയിൽ നിന്നുള്ള ആറ് മത്സ്യത്തൊഴിലാളികൾ അതിർത്തി ലംഘിച്ച് സുന്ദർബനിനടുത്തുള്ള ബാഗ്മാര പ്രദേശത്ത് എത്തുകയായിരുന്നു. പട്രോളിംഗിന്റെ സമയത്താണ് വനമേഖലയിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച ഇവരെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംശയം തോന്നിയ ഇവരെ പിന്നീട് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഇവരിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതിനാൽ മത്സ്യബന്ധനത്തിന് മാത്രമായി വന്നതാകാൻ ഇടയില്ലെന്നാണ് വനം വകുപ്പ് സംശയിക്കുന്നത്. സമുദ്രാതിർത്തി ലംഘിച്ച് ഇന്ത്യയിലെത്തിയ ഇവരുടെ വരവിന് പിന്നിൽ മറ്റെന്തെങ്കിലും ഗൂഢലക്ഷ്യമുണ്ടോയെന്ന് കണ്ടെത്താൻ അന്വേഷണം നടന്ന് വരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

Share
Leave a Comment