കൊല്ലം: സ്കൂട്ടർ യാത്രക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കരുനാഗപ്പള്ളി സ്വദേശികളായ ബിനു(26), ശ്രീക്കുട്ടൻ(24) രാജേഷ്(24) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. പാവുമ്പ സ്വദേശിയായ അനിൽ കുമാറിനെയാണ് പ്രതികൾ അക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
കരുനാഗപ്പള്ളി മലയടക്കുറ്റി ക്ഷേത്രത്തിൽ നടന്ന ഉത്സവത്തോടനുബന്ധിച്ച് നടത്തിയ നാടൻ പാട്ടിനിടയിലുണ്ടായ സംഘർഷത്തിൽ പ്രതികൾക്ക് മർദ്ദനമേറ്റിരുന്നു. തങ്ങളെ മർദ്ദിച്ച സംഘത്തിൽ ഉൾപ്പെട്ട ആളാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു പ്രതികൾ അനിൽ കുമാറിനെ ആക്രമിച്ചത്. 10.30 ഓടെ ക്ഷേത്രത്തിലേക്ക് സ്കൂട്ടറിൽ വന്ന അനിൽ കുമാറിനെ തടഞ്ഞ് നിർത്തി ആക്രമിക്കുകയായിരുന്നു. കരുനാഗപ്പള്ളി ഇൻസ്പെക്ടർ വി. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.