ടോക്കിയോ: ജപ്പാനിലുണ്ടായ ഭൂചലനത്തിൽ റോഡുകൾ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനങ്ങൾ തകർന്നു. ജപ്പാന്റെ പടിഞ്ഞാറൻ തീരത്തുണ്ടായ ഭൂചലനത്തിന്റെ വ്യാപ്തി ഇതുവരെയും വിലയിരുത്താൻ സാധിച്ചിട്ടില്ല. പന്ത്രണ്ടോളം ആളുകൾ വിവിധയിടങ്ങളിലായി കൊല്ലപ്പെട്ടു. ജപ്പാന്റെ പ്രധാന മേഖലകളിലെ റോഡുകളും, കെട്ടിടങ്ങളും തകർന്നു. അതിശൈത്യമുള്ള കാലാവസ്ഥ ആയതിനാൽ വൈദ്യുതി മുടങ്ങിയതും ജനങ്ങളെ ദുരിതത്തിലാഴ്ത്തിയിട്ടുണ്ട്.
7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ ജപ്പാന്റെ പടിഞ്ഞാറൻ കടൽത്തീരത്ത് മൂന്നര അടി ഉയരത്തിൽ വരെ തിരമാലകൾ ആഞ്ഞടിച്ചിരുന്നു. ഇതോടെ തീരപ്രദേശത്തുള്ളവരെ ഉയർന്ന മേഖലകളിലേക്ക് മാറ്റിപാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഭൂകമ്പം ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ വിതച്ച ഇഷികാവ മേഖലയിലേക്ക് ആയിരത്തോളം സൈനികരേയും പോലീസ് ഉദ്യോഗസ്ഥരേയും അഗ്നിശമന സേനാംഗങ്ങളേയും അയച്ചിട്ടുണ്ട്.
എന്നാൽ റോഡുകൾ തകർന്നത് രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. റൺവേയിൽ ഉണ്ടായ വിള്ളലുകൾ കാരണം ജപ്പാനിൽ ഒരു വിമാനത്താവളം അടച്ചു. പല സ്ഥലങ്ങളിലും റെയിൽ സർവ്വീസുകളും ഫെറികളും വിമാന സർവ്വീസുകളും പൂർണമായി നിർത്തി വച്ചിരിക്കുകയാണ്. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ആളുകൾ കുടുങ്ങി കിടക്കുന്നില്ല എന്ന് ഉറപ്പാക്കുകയാണ് ആദ്യ ലക്ഷ്യമെന്നും, സമയത്തിനെതിരായ പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.
ഇഷികാവയിലെ നോട്ടോ ദ്വീപിന്റെ ഭാഗത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താൻ സാധിക്കാത്ത അവസ്ഥയാണെന്നും, ഹെലികോപ്റ്റർ മാർഗമാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തുന്നതെന്നും കിഷിദ പറഞ്ഞു. ജപ്പാനിലെ വാജിമയിൽ ഭൂചലനത്തിന് പിന്നാലെ വലിയ തീപിടുത്തവും ഉണ്ടായി. നിരവധി പേരാണ് അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.
ജപ്പാൻ കാലാവസ്ഥാ ഏജൻസിയുടെ കണക്കനുസരിച്ച് 24 മണിക്കൂറിനിടെ രാജ്യത്ത് 140ലധികം ഭൂചലനങ്ങളാണ് ഉണ്ടായത്. വരും ദിവസങ്ങളിലും സമാനരീതിയിൽ ഭൂചലനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രി മാത്രം ഒരു ലക്ഷത്തിലധികം ആളുകളെ വിവിധ ഇടങ്ങളിൽ നിന്നായി ഒഴിപ്പിച്ചിട്ടുണ്ട്. അതേസമയം ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പുകൾ നൽകിയെങ്കിലും പിന്നീട് ഇത് പിൻവലിച്ചു.