മുംബൈ: സാറ്റലൈറ്റ് അധിഷ്ഠിത ജിഗാബിറ്റ് ഫൈബർ സേവനങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ അനുമതികൾ റിലയൻസ് ജിയോയ്‌ക്ക് ഈ മാസം ലഭിക്കും. ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിൽ (ഇൻ-സ്‌പേസ്) നിന്നാണ് അനുമതി ലഭിക്കുക. ഇതിനായുള്ള രേഖകൾ ജിയോ ഇൻ- സ്‌പേസിന് സമർപ്പിച്ചിട്ടുണ്ട്. വിവിധ മന്ത്രാലയങ്ങളുടെ അനുമതികളും സുരക്ഷാ പരിശോധനയും സാറ്റലൈറ്റ് ഫൈബർ സേവനം ലഭിക്കുന്നതിന് ആവശ്യമാണ്.
ഉപഗ്രഹങ്ങൾ വഴി ബ്രോഡ്ബാൻഡ് കണക്ടിവിറ്റി നൽകുകയാണ് ഇതിന്റെ ലക്ഷ്യം. കഴിഞ്ഞ വർഷമാണ് ലക്‌സംബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സാറ്റലൈറ്റ് കമ്പനിയായ എസ്ഇഎസുമായി സംയുക്തമായി ചേർന്ന് ജിയോ ഈ സംരംഭം ആരംഭിച്ചത്.
നിലവിൽ യൂടെൽ സാറ്റ് വൺ വെബിന് മാത്രമാണ് ഇന്ത്യയിൽ സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനം നടത്തുന്നതിനുള്ള ഇൻ-സ്‌പേസിന്റെ അനുമതിയുള്ളത്
ജിയോയുടെ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് ടെലികോം വകുപ്പിന്റെ ഗ്ലോബൽ മൊബൈൽ പേഴ്‌സണൽ കമ്മ്യൂണിക്കേഷൻസ് ബൈ സാറ്റലൈറ്റ് സർവീസസ് ലൈസൻസ് ലഭിച്ചിട്ടുണ്ട്.















