അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കാൻ പോകുന്ന 2024 ജൂണിലെ ടി20 ലോകകപ്പിൽ രോഹിത് ശർമ്മയും വിരാട് കോലിയും കളിച്ചേക്കും. 2022 നവംബറിൽ ടി20 ലോകകപ്പിന്റെ സെമിഫൈനലിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടതിന് ശേഷം ഇരുവരും ഇന്ത്യക്കായി ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല. ഇതിന് പിന്നാലെയാണ് വരുന്ന ടി20 ലോകകപ്പിന്റെ ഭാഗമാകാൻ ഇരുവരും താത്പര്യം പ്രകടിപ്പിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ഇതിന് പിന്നാലെ സെലക്ടർമാരായ ശിവസുന്ദർ ദാസും സലിൽ അങ്കോളയും ദക്ഷിണാഫ്രിക്കയിലെത്തി. നാളെ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനിടെ ചീഫ് സെലക്ടർ അജിത് അഗാർക്കറും ടീമിനൊപ്പം ചേരും. രോഹിത് ശർമ്മ, വിരാട് കോലി എന്നിവരുമായി അജിത് അഗാർക്കർ കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന.
ടി20 ലോകകപ്പിൽ കളിക്കാൻ ഇരുതാരങ്ങൾക്കും ബിസിസിഐ അനുമതി നൽകിയാൽ അടുത്ത ആഴ്ച നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിൽ ഇരുവരെയും ഉൾപ്പെടുത്തിയേക്കും. അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ ഈ ആഴ്ച തന്നെ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും രോഹിത്തിനെയും കോലിയെയും ടി20 ലോകകപ്പ് ടീമിലുൾപ്പെടുത്തുക. ഐപിഎൽ അവസാനിക്കുന്നതിന് പിന്നാലെയാണ് ടി20 ലോകകപ്പും. അതുകൊണ്ട് തന്നെ ഐപിഎല്ലിലെ പ്രകടനമാകും പല താരങ്ങൾക്കും ടി20 ലോകകപ്പ് ടീമിലേക്കുള്ള വഴിതുറക്കുക. ഐപിഎല്ലിൽ യുവതാരങ്ങളടക്കം 25-30 പേരുടെ പ്രകടനം സെലക്ഷൻ കമ്മിറ്റി നിരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്.















