വെട്ടുകല്ലുകൊണ്ട് നിർമിച്ച് നല്ല കേരളത്തനിമയുള്ള തറവാട്. മുന്നിൽ തുളസിത്തറയും പൂമുഖവും. പിന്നെ കുളവും കുളപ്പുരയും മുറ്റത്തൊരു പാലമരവും. ഈ പറഞ്ഞ വർണ്ണകളെല്ലാം കേരളത്തിലെ ഏതെങ്കിലും തറവാടിനെ കുറിച്ചല്ല, അങ്ങ് ജപ്പാനിലുള്ള ചാനകത്ത് വീടിനെ കുറിച്ചാണ്. 35 വർഷം മുൻപാണ് ചെർപ്പുളശ്ശേരിയിലെ തറവാട് ജപ്പാനിൽ സ്ഥാപിച്ചത്. ചാനകത്ത് തറവാട് എങ്ങനെ ജപ്പാനിലെത്തിയെന്ന് അറിയണ്ടേ…
ദ ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാനില
ജപ്പാനിലെ നഗോയയിലാണ് 1970 ൽ സ്ഥാപിക്കപ്പെട്ട ദ ലിറ്റിൽ വേൾഡ് മ്യൂസിയം ഓഫ് മാനിലാണ് വിസ്മയക്കാഴ്ചയുള്ളത്. ലോകത്തിലെ 22 രാജ്യങ്ങളിൽ നിന്നുള്ള വീടുകളാണ് ഇവിടെയുള്ളത്. ഇതിൽ ഇന്ത്യയിൽ നിന്നുള്ളത് കേരളത്തിലെ തറവാടു വീടാണ്. വിവിധ രാജ്യങ്ങളുടെ സംസ്കാരവും പാരമ്പര്യവും സന്ദർശകർക്ക് മനസ്സിലാക്കാനാണ് ഇവ സജ്ജീകരിച്ചിരിക്കുന്നത്.
തക്കഹാഷി പാലക്കാട് എത്തുന്നു
ലോകത്തിലെ വിവിധ ഇടങ്ങളിലുള്ള ഭവനങ്ങൾ പുനരാവിഷ്കരിക്കുന്ന പ്രൊജക്ടിന്റെ ഭാഗമായി, ജപ്പാനിലെ തക്കഹാഷി എന്ന എൻജിനീയർ പാലക്കാട് അടയ്ക്കാപുത്തൂരിൽ എത്തിയതോടെയാണ് കഥ ആരംഭിക്കുന്നത്. 1984ലായിരുന്നു അദ്ദേഹം കേരളത്തിലെത്തിയത്. കേരളത്തിലെ പല നാലുകെട്ടുകളും തക്കഹാഷിയും സംഘവും കണ്ടെങ്കിലും വാസ്തുശാസ്ത്രം അക്ഷരംപ്രതി പാലിച്ചു നിർമിച്ച ചാനകത്ത് വീടാണ് ഇഷ്ടപ്പെട്ടത്.
അടയ്ക്കാപുത്തൂരിൽനിന്നും നിന്നും മണ്ണും മരവും വരെ
ഇതാണ് താൻ തേടി നടന്ന വീട് എന്ന് ഉറപ്പിച്ച യുവ എൻജിനിയർ പിന്നീട് തറവാടിനെ ജപ്പാനിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ചെങ്കല്ലുകളും മുറ്റത്തെ മണ്ണും മരവും വരെ അടയ്ക്കാപുത്തൂരിൽനിന്നും പരിസരത്തുനിന്നുമായി ശേഖരിച്ച് കപ്പലിൽ ജപ്പാനിലെത്തിച്ചു. അടയ്ക്കാപുത്തൂരിനടുത്തുള്ള പൂതക്കാട് കണ്ണാവ് എന്ന സ്ഥലത്തുനിന്നാണു ചെങ്കല്ല് വെട്ടിയെടുത്തത്. 1987 പിന്നിട്ടപ്പോഴേക്കും മ്യൂസിയത്തിൽ ചാനകത്ത് വീട് യാഥാർഥ്യമാക്കി.
കേരള സ്റ്റൈൽ ചായക്കടയും മൈൽകുറ്റിയും
പാലക്കാട് പട്ടാമ്പിയലെ ചാനകത്ത് തറവാടിന്റെ തനി പകർപ്പാണ് അവിടെ ഒരുക്കിയിരിക്കുന്നത്. ജപ്പാനിലെ തറവാടിനും പേര് ചാനകത്ത് വീട് എന്ന് തന്നെയാണ്. തറവാടിന് പുറത്തായി പാലക്കാട് 42 കിലോമീറ്റർ എന്നും മുണ്ടൂര് 28 കിലോമീറ്റർ എന്നും രേഖപ്പെടുത്തിയിട്ടുള്ള മൈൽ കുറ്റികൾ കാണാം. പുറത്ത് താമരക്കുളവും സജ്ജീകരിച്ചിട്ടുണ്ട്. വീട് കണ്ടിറങ്ങിയാൽ ചായകുടിക്കാൻ കേരള സ്റ്റൈൽ ചായക്കടയുണ്ട്. തൊട്ടടുത്ത് ഒരു തപാൽപ്പെട്ടിയും.
കുടുംബ ഫോട്ടോകൾ മുതൽ മലയാളം കലണ്ടർ വരെ
പൂർണ്ണമായും വെട്ടുകല്ലു കൊണ്ട് നിർമിച്ച വീട്ടിൽ ആദ്യകാഴ്ചയിൽ തന്നെ മുന്നിൽ തുളസിത്തറ. പൂമുഖത്ത് ചാരുകസേര, വീതി കുറഞ്ഞ നീണ്ട ഇടനാഴി എന്നിവ കാണാം. പഴയകാല മൂത്രപ്പുര, എന്തിന് പ്രസവ മുറി വരെയുണ്ട് ഈ വീടിനുള്ളിൽ. നാലുകെട്ട് ശൈലിയിലുള്ള തറവാട്ടിൽ ചുമരിൽ പഴയ തലമുറയിലെ കുടുംബ ഫോട്ടോകൾ നിരന്ന് കിടക്കുന്നുണ്ട്. മലയാളത്തിലുള്ള കലണ്ടറും ഇവിടെ തൂക്കിയിട്ടുണ്ട്.
ദേവിദേവൻമാരുടെ ചിത്രങ്ങൾ നിരത്തിവച്ച പൂജാമുറി
തറവാടിനുള്ളിലേക്ക് കയറിയാൽ തീൻ മേശയിൽ കേരളത്തിലെ കുഴിപ്പിഞ്ഞാണവും കോലൻ ക്ലാസും. അടുക്കളയിൽ പുകയടുപ്പ്, ചെരുവം, കയ്യിലുകൾ, അമ്മി, ആട്ടുകൽ, അലമാര തുടങ്ങി പഴയ നായർ തറവാടിൽ എന്തൊക്കെ കാണാമോ അതെല്ലാം ഇവിടെയുണ്ട്. ദേവിദേവൻമാരുടെ ചിത്രങ്ങൾ നിരത്തിവച്ച പൂജാമുറിയും ഇവിടെ കാണാം.
കേരളത്തിലെ ചാനകത്ത് തറവാട്
വള്ളിനേഴി പഞ്ചായത്തിലെ അടയ്ക്കാപുത്തൂരിൽനിന്നു കല്ലുവഴി റോഡിലൂടെ 2 കിലോമീറ്റർ പോയാൽ ചാനകത്ത് തറവാട് കാണാം. 135 ലധികം വർഷത്തെ പഴക്കമുണ്ടെങ്കിലും ഇന്നും അത് പ്രൗഢഗംഭീരമായി നിലനില്ക്കുന്നു.