കേപ് ടൗൺ: രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്‌ക്ക് ബാറ്റിംഗ് തകർച്ച. മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ദക്ഷിണാഫ്രിക്കയുടെ മുൻനിര തകർത്തത്. ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്കാരൻ എൽഗർ 4 റൺസിന് പുറത്തായി. എയ്ഡൻ മാർക്രം(2), ടോണി ഡി സോർസി(2), സ്റ്റബ്‌സ്(3) എന്നിവരാണ് പുറത്തായ മറ്റുബാറ്റർമാർ. 29 റൺസിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ആതിഥേയർ. ഒരുവിക്കറ്റ് ബുമ്രയ്‌ക്കും ലഭിച്ചു.
ബാവുമയുടെ അഭാവത്തിൽ ദക്ഷിണാഫ്രിക്കയെ നയിക്കുന്നത് ഡീൻ എൽഗറാണ്. താരത്തിന്റെ വിരമിക്കൽ മത്സരമാണിത്. രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ ദക്ഷിണാഫ്രിക്ക 1-0ത്തിന് മുന്നിലാണ്. മൂന്ന് മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്കൻ ടീമിറങ്ങുന്നത്. ഇന്ത്യൻ നിരയിലും മാറ്റമുണ്ട്.
പരിക്കേറ്റ നായകൻ തെംബ ബവൂമയ്‌ക്ക് പകരം ട്രിസ്റ്റൺ സ്റ്റബ്സ് ടീമിലെത്തി. ഇതാദ്യമായാണ് സ്റ്റബ്സ് ടെസ്റ്റിനിറങ്ങുന്നത്. ജെറാൾഡ് കോട്ട്‌സീക്ക് പകരം ലുങ്കി എൻഗിഡിയും വന്നു. കേശവ് മഹാരാജാണ് ടീമിലെത്തിയ മറ്റൊരു താരം. കീഗൻ പീറ്റേഴ്സൺ പുറത്തായി. ആർ അശ്വിൻ, ശർദുൽ താക്കൂർ എന്നിവർക്ക് പകരം രവീന്ദ്ര ജഡേജ, മുകേഷ് കുമാർ എന്നിവരാണ് ഇന്ത്യൻ നിരയിലെത്തിയത്.
ഇന്ത്യ: രോഹിത് ശർമ്മ, യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാർ.
ദക്ഷിണാഫ്രിക്ക: ഡീൻ എൽഗാർ, എയ്ഡൻ മാർക്രം, ടോണി ഡി സോർസി, ട്രിസ്റ്റൺ സ്റ്റബ്സ്, ടോണി ബെഡിംഗ്ഹാം, കെയ്ൽ വെറെയ്നെ, മാർകോ ജാൻസൻ, കേശവ് മാഹാരാജ്, കഗീസോ റബാദ, നന്ദ്രേ ബർഗർ, ലുംഗി എൻഗിഡി.















