കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; രണ്ട് പേർ അറസ്റ്റിൽ

Published by
Janam Web Desk

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ എമർജൻസി ലാമ്പിലും ശരീരത്തിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണവുമായി രണ്ട് യാത്രികർ പിടിയിൽ. 80 ലക്ഷം രൂപയുടെ സ്വർണമാണ് ഇരുവരിൽ നിന്നും കണ്ടെടുത്തത്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിലെത്തിയ അമരമ്പലം സ്വദേശി സഫ്‌വാൻ, ദോഹയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ എത്തിയ കോഴിക്കോട് സ്വദേശി ജംഷാദ് എന്നിവരെയാണ് പിടികൂടിയത്.

സഫ്‌വാൻ ബാഗിനുള്ളിൽ എമർജൻസി ലാമ്പിലാക്കിയാണ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്നും 449 ഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഏകദേശം 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിതെന്ന് അധികൃതർ പറയുന്നു. ഷീറ്റുകളുടെ രൂപത്തിലാക്കിയ സ്വർണം എമർജൻസി ലാമ്പിനുള്ളിലാക്കിയാണ് കടത്താൻ ശ്രമിച്ചത്. അതേസമയം ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് ജംഷാദ് സ്വർണം കടത്താൻ ശ്രമിച്ചത്. ഇയാളിൽ നിന്നും 910 ഗ്രാം സ്വർണ മിശ്രിതമായാണ് കണ്ടെടുത്തത്. ഏകദേശം 52 ലക്ഷം രൂപ വിലമതിക്കുന്ന 828 ഗ്രാം സ്വർണം വേർതിരിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Share
Leave a Comment