മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നവർ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതാണ് സുരക്ഷാ പ്രശ്‌നങ്ങളും തട്ടിപ്പുകളും. നിരവധി തരത്തിലാണ് ഇന്ന് തട്ടിപ്പുകൾ നടക്കുന്നത്. ആയിരക്കണക്കിന് ആളുകൾക്കാണ് ഇത്തരത്തിൽ തട്ടിപ്പിലൂടെ പണം നഷ്ടമായിട്ടുള്ളത്. വാട്‌സ്ആപ്പ് പോലുള്ള സമൂഹമാദ്ധ്യങ്ങൾ വഴിയുള്ള തട്ടിപ്പുകൾക്കാണ് അധിക പേരും ഇരയാകുന്നത്. കോടികണക്കിന് ആളുകളാണ് ദിനം പ്രതി തങ്ങളുടെ ആവശ്യങ്ങൾക്കായി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്. വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ചില വഴികളിതാ..
അപരിചിതമായ നമ്പറുകളിൽ നിന്നും വരുന്ന മെസേജുകളും കോളുകളും ശ്രദ്ധിക്കുക. കഴിവതും അവയ്‌ക്ക് മറുപടി നൽകാതിരിക്കുന്നതാണ് നല്ലത്. പ്രത്യേകിച്ചും സംശയാസ്പദമായ രീതിയിൽ പരിചിതമില്ലാത്ത ഇന്റർനാഷണൽ നമ്പറുകളിൽ നിന്നും വരുന്ന സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക.
പരിചിതമില്ലാത്ത നമ്പറുകളിൽ നിന്നും വരുന്ന ലിങ്കുകളും അറ്റാച്ച്‌മെന്റ് ഫയലുകളും തുറക്കുന്നതിന് മുൻപ് ശ്രദ്ധിക്കണം. ഇത്തരത്തിലുള്ള ലിങ്കുകൾ തുറക്കുന്നത് വഴി മൊബൈൽ ഫോണുകളിൽ മാൽവെയറുകൾ ഡൗൺലോഡ് ആവുന്നതിന് സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോരുന്നതിന് കാരണമാവും.
വാട്‌സ്ആപ്പ് വഴി സ്വകാര്യ വിവരങ്ങൾ അയക്കാതിരിക്കുന്നതാണ് നല്ലത്. പാസ്‌വേർഡുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ക്രെഡിറ്റ് കാർഡ് നമ്പർ എന്നിവ വാട്‌സ്ആപ്പ് വഴി അയക്കുന്നത് വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്.
വാട്‌സ്ആപ്പ് വഴി ബാങ്കുകൾ, ഡെലിവറി സർവീസുകൾ, ഗവൺമെന്റ് ഏജൻസികൾ എന്നിവയുടെ പേരിൽ നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാജമായി ഇത്തരത്തിലുള്ള സ്ഥാപനങ്ങളുടെ ലോഗോ, ഔദ്യോഗിക വെബ്‌സൈറ്റുകൾ എന്നിവ നിർമ്മിച്ച് അതുവഴിയാണ് തട്ടിപ്പ് നടക്കുന്നത്. ആളുകൾ ഇത്തരത്തിലുള്ള സൈറ്റുകളിൽ പ്രവേശിക്കുകയും വിവരങ്ങൾ കൈമാറുകയും ചെയ്യുന്നത് വഴി സ്വകാര്യ വിവരങ്ങൾ ചോരാനുള്ള സാധ്യത കൂടുതലാണ്.
സമൂഹമാദ്ധ്യമങ്ങൾ വഴി റിവാർഡുകളും പണവും ലഭിക്കുമെന്ന രീതിയിൽ വരുന്ന സന്ദേശങ്ങൾ കഴിവതും ഒഴിവാക്കുക. നിക്ഷേപ സംരംഭങ്ങൾ, ലോട്ടറി തുടങ്ങിയവ വഴി പണം ലഭിച്ചുവെന്ന രീതിയിൽ നിരവധി സന്ദേശങ്ങളാണ് ആളുകൾക്ക് ലഭിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള സന്ദേശങ്ങൾ വഴി ആളുകൾക്ക് പണം നഷ്ടമാകുന്നുണ്ട്.
വാട്‌സ്ആപ്പിൽ സുരക്ഷക്കായി ക്രമീകരിച്ചിട്ടുള്ളതാണ് ടു-ഫാക്റ്റ് ഓതന്റിക്കേഷൻ. ഇത് സുരക്ഷയുടെ ഒരു പാളി രൂപീകരിച്ചിട്ടുണ്ട്. ഇത് ആക്ടിവേറ്റ് ചെയ്യുന്നത് ഉപയോക്താവ് നിർമ്മിച്ച പാസ്‌വേർഡ് ഉപയോഗിച്ചാണ്. മറ്റൊരു ഉപകരണത്തിൽ വാട്‌സ്ആപ്പ് തുറക്കണമെങ്കിൽ ഉപഭോക്താവിന്റെ നമ്പറിലേക്ക് ഒരു കോഡ് വരും. അത് എന്റർ ചെയുന്നത് വഴി മാത്രമേ വാട്‌സ്ആപ്പ് ഓപ്പൺ ആക്കാൻ കഴിയൂ.
എപ്പോഴും കൃത്യമായി കമ്പനി അവതരിപ്പിക്കുന്ന അപ്‌ഡേഷനുകൾ വാട്‌സ്ആപ്പിൽ നടത്തുക. ഇതു വഴി പുതിയ സുരക്ഷാ സംവിധാനങ്ങൾ നിങ്ങൾക്ക് ഉപയോഗപ്പെടുത്താം.
സംശയാസ്പദമായ രീതിയിലുള്ള സന്ദേശങ്ങളോ മറ്റോ കണ്ടാൽ ഉടൻ തന്നെ അത് വാട്‌സ്ആപ്പിൽ റിപ്പോർട്ട് ചെയ്യുക. അതിനായി +447598505694 എന്ന നമ്പറിൽ അറിയിക്കുകയോ വാട്‌സ് ആപ്പിലുള്ള റിപ്പോർട്ട് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യാം.
വാട്‌സ്ആപ്പ് വഴിയുള്ള തട്ടിപ്പുകളെ രക്ഷപ്പെടാനുള്ള ഏക മാർഗം ആപ്പിൽ നടന്നിട്ടുള്ള മറ്റ് തട്ടിപ്പുകളെ കുറിച്ച് അറിഞ്ഞിരിക്കുക എന്നതാണ്. വാട്‌സ്ആപ്പിൽ ഏറ്റവും അടുത്തായി നടക്കുന്ന സുരക്ഷാപ്രശ്‌നങ്ങളെ കുറിച്ചും തട്ടിപ്പുകളെ കുറിച്ചുമുള്ള വിവരങ്ങൾ അറിഞ്ഞിരിക്കുന്നത് വഴി ഇത്തരത്തിലുള്ള തട്ടിപ്പിൽ നിന്നും സ്വയം രക്ഷപ്പെടാം.















