കേപ്ടൗണ്‍: രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയെ 7 വിക്കറ്റിന് തകർത്ത് പരമ്പര സമനിലയിലാക്കി ഇന്ത്യ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ രണ്ടാം ദിവസം ഫലമുണ്ടായ മത്സരമെന്ന റെക്കോർഡ് ഇനി കേപ്ടൗൺ ടെസ്റ്റിന് സ്വന്തം. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 79 റണ്‍സ് വിജയലക്ഷ്യം യശസ്വി ജയ്സ്വാളിന്‍റെയും ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി ഇന്ത്യ 12 ഓവറില്‍ മറികടക്കുകയായിരുന്നു. മുഹമ്മദ് സിറാജാണ് കളിയിലെ താരം.
642 പന്തിലാണ് ഈ ടെസ്റ്റ് മത്സരം അവസാനിച്ചത്. 1932ൽ മെൽബണിൽ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക മത്സരം 656 പന്തിൽ അവസാനിച്ചിരുന്നു. ബൗളർമാരുടെ തേർവാഴ്ചയായിരുന്നു ന്യൂലാൻഡിൽ കണ്ടത്. ക്യാപ്റ്റൻ രോഹിത് ശര്‍മയും ശ്രേയസ് അയ്യരും ചേര്‍ന്നാണ് ഇന്ത്യൻ വിജയം പൂര്‍ത്തിയാക്കിയത്
17 റണ്‍സുമായി രോഹിത്തും റണ്‍സുമായി നാലു റണ്‍സോടെ ശ്രേയസും പുറത്താകാതെ നിന്നു.സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്ക ഇന്നിംഗ്സ് ജയം സ്വന്തമാക്കിയിരുന്നു. സ്കോര്‍ ദക്ഷിണാഫ്രിക്ക 55, 176, ഇന്ത്യ 153, 80-3. രണ്ട് ദിവസങ്ങളിലായി അഞ്ച് സെഷനുകള്‍ക്കുള്ളില്‍ 107 ഓവറുകളിലാണ് മത്സരം പൂര്‍ത്തിയായത്. ആറുവിക്കറ്റുമായി കളം നിറഞ്ഞ ബുമ്രയാണ് രണ്ടാം ഇന്നിംഗ്സിൽ ദക്ഷിണാഫ്രിക്കയുടെ നട്ടെല്ലൊടിച്ചത്.
ഒറ്റയാൾ പോരാട്ടം നയിച്ച എയ്ഡൻ മാർക്രത്തിന്റെ സെഞ്ച്വറിയാണ് പ്രോട്ടീസിനെ വലിയ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 106 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. ക്യാപ്റ്റനായ ഡീൻ എൽഗറിന്റെ വിടവാങ്ങൽ മത്സരം തോൽവിയോടെയായത് ദക്ഷിണാഫ്രിക്കൻ ആരാധകരെ വിഷമിപ്പിച്ചിരുന്നു.