ഡൽഹി: റെക്കോർഡുകൾ സൃഷ്ടിച്ച് പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ച. 2024-ൽ നടക്കുന്ന ഏഴാം പതിപ്പ് സംവാദത്തിനായി ഇതിനോടകം MyGov പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം 1 കോടി കവിഞ്ഞു. കേന്ദ്രസർക്കാരിന്റെ പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അദ്ധ്യപകരുടെയും കുത്തൊഴുക്കാണ്. 2023 ഡിസംബർ 11-നാണ് 2024-ലെ ആദ്യ പരീക്ഷാ പേ ചർച്ചയ്ക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്.
പരീക്ഷാ പേ ചർച്ച 2024-ന് അപേക്ഷിക്കാനുള്ള അവസാന തീയതി 2024 ജനുവരി 12 ആണ്. പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള ഉത്സാഹമാണ് രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളെ ഈ പരിപാടിയിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. പരീക്ഷയുമായി ബന്ധപ്പെട്ട ഉത്കണ്ഠകളെപ്പറ്റിയും സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷമുള്ള മുന്നോട്ടുള്ള ജീവിതത്തെപ്പറ്റിയുമാണ് പരീക്ഷാ പേ ചർച്ചയിലൂടെ രാജ്യത്തെ വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി സംവദിക്കുന്നത്.
വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് കഴിഞ്ഞ ആറ് വർഷമായി ഈ പരിപാടി വിജയകരമായി സംഘടിപ്പിച്ചു വരികയാണ്. ഈ വർഷത്തെ ആദ്യ പരീക്ഷാ പേ ചർച്ച 2024 ജനുവരി 29-ന് രാവിലെ 11 മണി മുതൽ ഡൽഹിയിലെ ഭാരത് മണ്ഡപം, ഐടിപിഒ, പ്രഗതി മൈതാനം എന്നിവിടങ്ങളിലായി നടക്കും. നാലായിരത്തോളം പേരുമായി പരിപാടിയിൽ പ്രധാനമന്ത്രി സംവദിക്കും. ഓരോ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും രണ്ട് വിദ്യാർത്ഥികളെയും ഒരു അദ്ധ്യാപകനെയും കലാ ഉത്സവ്, വീർഗാഥ മത്സരത്തിലെ വിജയികളെയും പ്രധാന പരിപാടിയിലേക്ക് പ്രത്യേക അതിഥികളായി ക്ഷണിക്കുന്നു.