ജയ്പൂർ: ഇനി മുതൽ ഇന്ദിരയില്ല അന്നപൂർണ്ണ. രാജസ്ഥാനിലെ ‘ഇന്ദിര രസോയ് യോജന’യുടെ പേര് മാറ്റി സർക്കാർ. ശ്രീ അന്നപൂർണ രസോയ് യോജന’ എന്നതാണ് പുതിയ പേര്. സംസ്ഥാന ബിജെപി ആസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ ഇക്കാര്യം പറഞ്ഞത്. പഴയ പേരിൽ നിരവധി പിഴവുകളുണ്ടെന്നും അവ പരിഹരിച്ചാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ത്രിദിന സന്ദർശനത്തിനായി രാജസ്ഥാനിലെത്തിയ പ്രധാനമന്ത്രി ബിജെപി എംഎൽഎമാർ, മന്ത്രിമാർ, പാർട്ടി ഭാരവാഹികൾ എന്നിവരുമായി ചർച്ച നടത്തി. പിന്നീട് പാർട്ടി ഉദ്യോഗസ്ഥർക്കും എംഎൽഎമാർക്കുമൊപ്പം മോദി അത്താഴം കഴിച്ചു. ശനിയാഴ്ച രാജസ്ഥാൻ ഇന്റർനാഷണൽ സെന്ററിൽ നടക്കുന്ന ഡിജി-ഐജി സമ്മേളനത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.