സിഡ്‌നി: മൂന്നാം ടെസ്റ്റിലും മൂക്കും കുത്തി വീണ് പാകിസ്താൻ. മൂന്നാം ടെസ്റ്റിൽ 8 വിക്കറ്റിനാണ് ഓസ്‌ട്രേലിയയുടെ ജയം. മാർനസ് ലബുഷെയ്‌ന്റെയും ഡേവിഡ് വാർണറുടെയും അർദ്ധ സെഞ്ച്വറിയുടെ മികവിലാണ് ഓസീസ് ജയം സ്വന്തമാക്കിയത്. വാർണറുടെ അവസാന ടെസ്റ്റ് മത്സരമായിരുന്നു സിഡ്‌നിയിലേത്. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ആതിഥേയർ തൂത്തുവാരി.
രണ്ടാം ഇന്നിംഗ്‌സിലെ ബാറ്റിംഗ് തകർച്ചയാണ് പാകിസ്താന് തിരിച്ചടിയായത്. മൂന്നാം ദിവസം കളിനിർത്തുമ്പോൾ പാകിസ്താൻ ഏഴ് വിക്കറ്റിന് 68 റൺസെന്ന നിലയിലായിരുന്നു. ഇന്ന് കളിയാരംഭിച്ചപ്പോൾ സന്ദർശകർ 115 റൺസിന് ഓൾഔട്ടാകുകയായിരുന്നു. ഓസീസിനായി ജോഷ് ഹേസൽവുഡ് നാല് വിക്കറ്റും ലിയോൺ മൂന്ന് വിക്കറ്റും നേടി.
സയീം അയൂബ് (33), ബബർ അസം (23) എന്നിവർ ആമിർ ജമാൽ (18), മുഹമ്മദ് റിസ്വാൻ (28) എന്നിവർ മാത്രമാണ് പാക് നിരയിൽ രണ്ടക്കം കടന്നത്. അബ്ദുള്ള ഷഫീഖ് (0), ഷാൻ മൻസൂദ് (0) സൗദ് ഷക്കീൽ (2), സാജിദ് ഖാൻ (0), ആഗ സൽമാൻ (0), ഹസൻ അലി (5) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മിർ ഹംസ (1) പുറത്താകാതെ നിന്നു.
25 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് നേടിയാണ് ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റും സ്വന്തമാക്കിയത്. മാർനസ് ലബുഷെയ്‌നും(57) ഡേവിഡ് വാർണറും(57) ഓസ്‌ട്രേലിയയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. വാർണറിന്റെയും ഖവാജയുടെയും(0) വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ലബുഷെയ്‌നും സ്റ്റീവൻ സ്മിത്തും(5) പുറത്താകാതെ നിന്നു. സാജിദ് ഖാനാണ് രണ്ട് വിക്കറ്റുകളും നേടിയത്.