ഐസിസിയുടെ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് പട്ടികയിൽ ഇടം പിടിച്ച് വിരാട് കോലിയും രവീന്ദ്ര ജഡേജയും. നാല് താരങ്ങളാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. മികച്ച താരത്തിന് നൽകുന്ന സർ ഗാർഫീൽഡ് സോബേഴ്സ് ട്രോഫിയ്‌ക്കുള്ള പട്ടികയിൽ ഇരുവരെയും കൂടാതെ ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഡെസും പാറ്റ് കമ്മിൻസുമാണുള്ളത്.
കഴിഞ്ഞ വർഷം ടെസ്റ്റിലും ഏകദിനത്തിലുമായി 35 മത്സരങ്ങളിൽ നിന്ന് 2048 റൺസാണ് കോലി നേടിയത്. ഏകദിന ലോകകപ്പിലുൾപ്പെടെ മികച്ച പ്രകടനം കാഴ്ച വയ്‌ക്കാൻ താരത്തിനായി. ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത് കോലിയെയാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറിന്റെ 49 ഏകദിന സെഞ്ച്വറികളെന്ന റെക്കോർഡും താരം മറികടന്നിരുന്നു. ഓൾറൗണ്ടറായ ജഡേജ 35 മത്സരങ്ങളിൽ നിന്ന് 613 റൺസും 66 വിക്കറ്റും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം നടന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 22 വിക്കറ്റുകളാണ് ജഡേജ വീഴ്‌ത്തിയത്.
മികച്ച ടെസ്റ്റ് താരത്തിനുള്ള പുരസ്‌കാര പട്ടികയിൽ രവിന്ദ്ര അശ്വിനും ഉൾപ്പെട്ടിട്ടുണ്ട്. ഇംഗ്ലണ്ട് താരം ജോ റൂട്ടും ഓസ്‌ട്രേലിയൻ താരങ്ങളായ ട്രാവിസ് ഹെഡും ഉസ്മാൻ ഖവാജയുമാണ് പട്ടികയിൽ ഇടം പിടിച്ച മറ്റു താരങ്ങൾ.