ഞെട്ടിപ്പിക്കുന്ന ഒരുവാർത്തയാണ് ബീഹാറിൽ നിന്ന് പുറത്തുവരുന്നത്. ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട ഭർത്താവിനെ യുവതി കൊന്നു കെട്ടിത്തൂക്കി. ബെഗുസറായി പ്രദേശത്തെ ഫഫൗട്ട് ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. നർഹാൻ വില്ലേജിലെ മഹേശ്വർ കുമാർ റായ് ആണ് കൊല്ലപ്പെട്ടത്. കൊൽക്കത്തയിലെ ചുമട്ടു തൊഴിലാളിയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വീട്ടിലെത്തിയത്. റാണി കുമാരി എന്ന യുവതിയാണ് ഭർത്താവിനെ വകവരുത്തിയതിന് പിടിയിലായത്.
ഏഴുവർഷം മുൻപയാരിന്നു ഇവരുടെ വിവാഹം. ഇൻസ്റ്റഗ്രാം റീൽസിന്റെ പേരിൽ ദമ്പതികൾ തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. കൃത്യം നടന്ന ദിവസം യുവാവ് റീൽസ് എടുക്കരുതെന്ന് ഭാര്യയോട് ദേഷ്യത്തിൽ പറഞ്ഞു. ഇതാണ് അവരെ ചൊടിപ്പിച്ചത്. യുവതി ബന്ധുക്കളുടെ സഹായത്തോടെയാണ് യുവാവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയത്. യുവാവ് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു കൊലപാതകം. യുവതി ഇൻസ്റ്റഗ്രാമിന് അഡിക്ടായിരുന്നതായി പോലീസ് പറഞ്ഞു.
ഇതിനിടെ മഹേശ്വരന്റെ സഹോദരൻ ഫോൺ ചെയ്തപ്പോൾ മറ്റൊരാളാണ് സംസാരിച്ചത്. സംശയം തോന്നിയ സഹോദരൻ പിതാവിനെ വീട്ടിലേക്ക് അയച്ചു. ഇവർ എത്തുമ്പോൾ യുവാവിന്റെ മൃതദേഹമാണ് കണ്ടത്. പിന്നാലെ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.