ലക്നൗ: രാമക്ഷേത്രത്തിന്റെ വിസ്മയിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. നിലാ വെളിച്ചത്തിൽ തിളങ്ങുന്ന ക്ഷേത്രത്തിന്റെ ചിത്രങ്ങളാണ് ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചത്. ക്ഷേത്രത്തിന്റെ തൂണുകളിലും ഭിത്തികളിലും കൊത്തിവച്ചിരിക്കുന്ന ദേവന്മാരുടെയും ദേവതകളുടെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.
കുബേർ കോട്ടയിൽ സ്ഥാപിച്ചിരിക്കുന്ന ജടായു പ്രതിമ, ശ്രീകോവിൽ, രാമക്ഷേത്രത്തിന്റെ തേജസ് വിളിച്ചോതുന്ന ദേവതാ-ദേവന്മാരുടെ ചിത്രങ്ങൾ എന്നിവയാണ് ക്ഷേത്ര ട്രസ്റ്റ് പങ്കുവച്ചത്.
അടുത്തിടെ രാമക്ഷേത്രത്തിന്റെ കവാടത്തിൽ സ്ഥാപിച്ച മൂർത്തികളുടെ ചിത്രങ്ങൾ ക്ഷേത്ര ട്രെസ്റ്റ് പുറത്തുവിട്ടിരുന്നു. ഹനുമാൻ, ഗരുഡൻ, ആനകൾ, സിംഹദ്വാർ എന്നിവയുടെ ചിത്രങ്ങളാണ് പങ്കുവച്ചിരുന്നത്. രാജസ്ഥാനിലെ പഹാർപൂർ പ്രദേശത്ത് നിന്നുള്ള മണൽക്കല്ലുകൾ ഉപയോഗിച്ചാണ് പ്രതിമകൾ നിർമ്മിച്ചിരിക്കുന്നത്.
പരമ്പരാഗത നാഗര ശൈലിയിലാണ് രാമക്ഷേത്രം പണിതിരിക്കുന്നത്. 380 അടി നീളവും, 250 അടി വീതിയും, 161 അടി ഉയരവുമുണ്ട്. നാഗര വാസ്തുവിദ്യയിലാണ് ക്ഷേത്രം നിർമ്മിച്ചത്. ചുവരുകൾ ശിൽപ്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. മൂന്ന് നിലകളിലായാണ് ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ഓരോ നിലയും 20 അടി ഉയരത്തിലാണുള്ളത്. ആകെ 392 തൂണുകളും 44 വാതിലുകളുമുണ്ട്.
ക്ഷേത്രത്തിനുള്ളിൽ നൃത്യ മണ്ഡപം, രംഗ മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന, കീർത്തന മണ്ഡപങ്ങൾ എന്നീ അഞ്ച് മണ്ഡപങ്ങൾ നിർമ്മിച്ചിട്ടുണ്ട്. രാമക്ഷേത്രത്തിന്റെ തുണുകളിലും ചുവരുകളിലും ദേവതകളുടെയും ദേവന്മാരുടെയും രൂപങ്ങൾ കൊത്തി വച്ചിട്ടുണ്ട്.