മുംബൈ: ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഓസ്‌ട്രേലിയ. ടി20 പരമ്പരയയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഓസീസ് വനിതകളുടെ ജയം. ഇന്ത്യ ഉയർത്തിയ 147 റൺസ് വിജയലക്ഷ്യം ഓസീസ് 18.4 ഓവറിൽ മറികടക്കുകയായിരുന്നു. ഓപ്പണർമാരായ അലീസ ഹെയ്‌ലി(55), ബീത് മൂണി (52) എന്നിവരുടെ അർദ്ധ സെഞ്ച്വറിയാണ് ഓസീസിന് വിജയം സമ്മാനിച്ചത്. സ്‌കോർ ഇന്ത്യ: 147/6; ഓസ്‌ട്രേലിയ 149/3
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയൻ വനിതകൾക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. അലീസ ഹെയ്‌ലി- ബീത് മൂണി സഖ്യം സ്‌കോർ ബോർഡ് അതിവേഗം ചലിപ്പിച്ചു. അലീസയെ പുറത്താക്കിയാണ് അപകടകരമായ ഈ കൂട്ടുകെട്ട് ദീപ്തി ശർമ്മ തകർത്തത്. തഹ്ലിയ(2),എലീസി പെറി (0) എന്നിവരാണ് കൂടാരം കയറിയ മറ്റ് താരങ്ങൾ. ഇന്ത്യയ്‌ക്കായി പൂജവസ്ത്രകാർ രണ്ട് വിക്കറ്റും ദീപ്തി ശർമ്മ ഒരു വിക്കറ്റും വീഴ്‌ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് നേടി. റിച്ച ഘോഷ് (34), ഷെഫാലി വർമ്മ (26), സ്മൃതി മന്ദാന (29) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്.ജെമീമ റോഡ്രിഗസ് (2), ഹർമൻപ്രീത് കൗർ (3), ദീപ്തി ശർമ്മ (14) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. അമൻജോത് കൗർ (17), പൂജ വസ്ത്രകാർ (7) എന്നിവർ ഇന്ത്യൻ നിരയിൽ പുറത്താകാതെ നിന്നു. ഓസ്ട്രേലിയക്കുവേണ്ടി അന്നാബെൽ സതർലൻഡ്, ജോർജിയ വെയർഹാം എന്നിവർ രണ്ട്് വിക്കറ്റ് വീതവും ആഷ്ലി ഗാർഡ്നർ, മേഗൻ സ്‌കട്ട് ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.