ഏഷ്യയിലെ ഏറ്റവും വലിയ ഫുട്‌ബോൾ മാമാങ്കത്തിന് വെള്ളിയാഴ്ച തുടക്കമാകും. ലുസൈൽ സ്റ്റേഡിയത്തിൽ രാത്രി 9.30 ന് ആതിഥേയരായ ഖത്തറും ലെബനനും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യയുടെ ആദ്യ മത്സരം ശനിയാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ്. സമീപ കാലത്തെ മികച്ച പ്രകടനവും ഫിഫ റാങ്കിംഗിലെ മുന്നേറ്റവും ഇന്ത്യക്ക് കരുത്താവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
24 ടീമുകളെ ആറ് ടീമുകളാക്കി തിരിച്ചാണ് ഗ്രൂപ്പ് ഘട്ട മത്സരം. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരും എല്ലാ ഗ്രൂപ്പുകളിലുമായി ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാർക്കും പ്രീ ക്വാർട്ടറിലേക്ക് യോഗ്യത നേടാനാവും. ഗ്രൂപ്പ് ബിയിൽ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവർക്കൊപ്പമാണ് ഇന്ത്യ. 2019-ൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.
ഇന്ത്യയുടെ മത്സരങ്ങൾ
ജനുവരി 13- ഓസ്‌ട്രേലിയ
ജനുവരി 18-ഉസ്‌ബെക്കിസ്ഥാൻ
ജനുവരി 23-സിറിയ
ലോകകപ്പ് നിലവാരത്തിലുള്ള ടീമുകളാണ് ഓസ്‌ട്രേലിയയും ഉസ്‌ബെക്കിസ്ഥാനും. അതുകൊണ്ട് തന്നെ ഞങ്ങളെ കാത്തിരിക്കുന്നത് കടുപ്പമേറിയ മത്സരങ്ങളാണ്. പക്ഷേ സമീപകാലത്ത് മികച്ച പ്രകടനമാണ് ടീം കാഴ്ചവച്ചത്. ഈ ടീം കാഴ്ചവച്ച മുന്നേറ്റത്തിന്റെ മാറ്റ് അറിയാനുള്ള അവസരമാണ് ഈ ടൂർണമെന്റ്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി പറഞ്ഞു.
പ്രീക്വാർട്ടർ, ക്വാർട്ടർ, സെമി, ഫൈനൽ എന്നിങ്ങനെയാണ് നോക്കൗട്ട് മത്സരങ്ങൾ. ജനുവരി 28ന് തുടങ്ങുന്ന പ്രീക്വാർട്ടർ മത്സരങ്ങൾ 31ന് സമാപിക്കും. തുടർന്ന് ഫെബ്രുവരി രണ്ട്, മൂന്ന് തീയതികളിലായി ക്വാർട്ടർ പോരാട്ടങ്ങൾ. ആറിനും ഏഴിനും സെമി. ഖത്തർ ലോകകപ്പിലെ കലാശപ്പോരിന് വേദിയായ ലുസൈൽ സ്‌റ്റേഡിയത്തിൽ ഫെബ്രുവരി പത്തിന് രാത്രി 8.30ന് ഫൈനലും നടക്കും.