മക്കളെന്നാൽ സുരേഷ് ഗോപിക്ക് ജീവനാണെന്ന് അദ്ദേഹത്തിന്റെ ഓരോ അഭിമുഖങ്ങളും കാണുമ്പോൾ മനസിലാക്കാൻ സാധിക്കും. അത്രയും ഹൃദയ സ്പർശിയായ കാര്യങ്ങളാണ് മക്കളെക്കുറിച്ച് സുരേഷ് ഗോപി പറയുന്നത്. ഒരു വയസിൽ തനിക്ക് അപകടത്തിൽ നഷ്ടപ്പെട്ട മകൾ ലക്ഷ്മിയെ കുറിച്ച് പറയുമ്പോൾ എപ്പോഴും കണ്ണുകൾ നിറയാറുമുണ്ട്.
നടന്റെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം ഈ വരുന്ന 17-ന് ഗുരുവായൂരിൽ വച്ചാണ് നടക്കുന്നത്. മകളുടെ വിവാഹം കെങ്കേമമായി നടത്താനുള്ള തയ്യാറെടുപ്പിലാണ് സുരേഷ് ഗോപിയും കുടുംബവും. വിവാഹത്തിന് മുന്നോടിയായിട്ടുള്ള പാർട്ടി കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഫംഗ്ഷനിൽ ഭാഗ്യ സുരേഷ് പച്ച ലഹങ്കയണിഞ്ഞ് അതീവ സുന്ദരിയായിട്ടായിരുന്നു എത്തിയത്. ഭാഗ്യയുടെ ഭാവി വരൻ ശ്രേയസ് പർപ്പിൾ കളറിലുള്ള കുർത്തയുമായിരുന്നു ധരിച്ചിരുന്നത്.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹ പാർട്ടിയുടെ ചിത്രം നടി അഹാന കൃഷ്ണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. മറ്റാരും തന്നെ വിവാഹ പാർട്ടിയുടെ ചിത്രങ്ങൾ പുറത്ത് വിട്ടിട്ടില്ല. ഭാഗ്യ സുരേഷിന്റെയും ശ്രേയസ് മോഹന്റേയും വിവാഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് നടക്കുന്നത്. ഭാര്യക്കും മകൾക്കുമൊപ്പം നേരിട്ടെത്തിയാണ് സുരേഷ് ഗോപി പ്രധാനമന്ത്രിയെ വിവാഹത്തിന് ക്ഷണിച്ചത്. ആദ്യ വിവാഹക്ഷണക്കത്ത് നൽകിയതും അദ്ദേഹത്തിനായിരുന്നു.

വിദേശപഠനം കഴിഞ്ഞു നാട്ടിലെത്തിയ സമയത്താണ് ഭാഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. കഴിഞ്ഞ വർഷം വളരെ ലളിതമായ രീതിയിൽ സുരേഷ് ഗോപിയുടെ വീട്ടിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.















