ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മന്ത്രി വി സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന സിറ്റി സ്‌പെഷ്യൽ കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇത് മൂന്നാം തവണയാണ് സെന്തിൽ ബാലാജിയുടെ ജാമ്യാപേക്ഷ കോടതി തള്ളുന്നത്.
സെന്തിൽ ബാലാജിയുടെ മുൻകൂർ ജാമ്യാപേക്ഷ രണ്ട് തവണ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി തള്ളിയിരുന്നു. ഓഗസ്റ്റിൽ ബാലാജിക്കെതിരെ കേന്ദ്ര ഏജൻസി 3000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു. ഒക്‌ടോബർ 19-ന് മദ്രാസ് ഹൈക്കോടതി ഇയാൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളി. കഴിഞ്ഞ ദിവസം ചെന്നൈ പ്രിൻസിപ്പൽ സെഷൻസ് കോടതി സെന്തിൽ ബാലാജിയുടെ കസ്റ്റഡി കാലാവധി നീട്ടിയിരുന്നു. ഈ മാസം 22 വരെയാണ് നീട്ടിയത്. നിലവിൽ പുഴൽ ജയിലിൽ കഴിയുകയാണ് സെന്തിൽ ബാലാജി.
തമിഴ്നാട് ഗതാഗത വകുപ്പിലെ ബസ് കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും ജൂനിയർ എഞ്ചിനീയർമാരുടെയും നിയമനത്തിൽ ക്രമക്കേട് നടത്തി എന്നതാണ് സെന്തിൽ ബാലാജിക്കെതിരെയുള്ള കേസ്. തുടർന്ന് ഇഡിയുടെ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ കഴിഞ്ഞ ജൂൺ 16-നാണ് ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരമുള്ള കേസുകൾ കൈകാര്യം ചെയ്യുന്ന സിറ്റി സ്‌പെഷ്യൽ കോടതി ജാമ്യാപേക്ഷയെ എതിർത്തിരുന്നു. ഹർജിയിൽ ഉന്നയിച്ച എല്ലാ കാര്യങ്ങളും ഇതേ കോടതിയിൽ മുൻപും സമർപ്പിച്ചിട്ടുണ്ടെന്നും ആ വാദങ്ങൾ രണ്ട് തവണ തള്ളിക്കളഞ്ഞുവെന്നും അതിനാൽ ഇതേ കാരണത്താൽ മൂന്നാമതൊരു ജാമ്യാപേക്ഷ കോടതിക്ക് പരിഗണിക്കാനാകില്ലെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ വാദിച്ചു.