മകളുടെ വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷ പരിപാടിയുടെ വീഡിയോ പങ്കുവച്ച് സുരേഷ് ഗോപി. ഈ വരുന്ന 17-ന് ഗുരുവായൂരിൽ വച്ചാണ് മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം നടക്കുന്നത്. മകളുടെ വിവാഹാഘോഷത്തിന്റെ ഒരുക്കങ്ങളിലാണ് സുരേഷ് ഗോപിയും കുടുംബവും. വിവാഹത്തിന് മുമ്പ് നടന്ന ആഘോഷ പരിപാടിയുടെ വീഡിയോയാണ് സുരേഷ് ഗോപി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.
ആഘോഷ പരിപാടിയിൽ പച്ച ലഹങ്കയണിഞ്ഞ് അതീവ സുന്ദരിയായാണ് ഭാഗ്യ സുരേഷ് വേദിയിലെത്തിയത്. പർപ്പിൾ കളറിലുള്ള കുർത്തയണിഞ്ഞായിരുന്നു ഭാഗ്യയുടെ പ്രതിശ്രുത വരൻ ശ്രേയസിന്റെ വരവ്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് നൃത്തം ചെയ്യുന്നതിന്റെയും മധുരം നൽകുന്നതിന്റെയും വീഡിയോയാണ് സുരേഷ് ഗോപി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. എസ്ജി ഹാപ്പിനസ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്. എല്ലാവരുടെ ആശംസകൾക്കും പ്രാർത്ഥനകൾക്കും ഒരായിരം നന്ദിയെന്ന് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
View this post on Instagram
ഇന്നായിരുന്നു ഹൽദി ചടങ്ങുകൾ നടന്നത്. മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് നിൽക്കുന്ന ഭാഗ്യയുടെയും ശ്രേയസിന്റെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധികയാണ് ഹൽദി ചടങ്ങുകളുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചത്. മഞ്ഞ വസ്ത്രം ധരിച്ച് സുരേഷ് ഗോപിയോടൊപ്പം ഭാഗ്യയുടെയും ശ്രേയസിന്റെയും സമീപം നിൽക്കുന്ന ചിത്രങ്ങളാണ് രാധിക പങ്കുവച്ചത്.