ഇൻഡോർ: ടി20 ലോകകപ്പിന് മുമ്പുള്ള അവസാന ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലെ രണ്ടാമത്തെ മത്സരം വൈകിട്ട് ഏഴ് മണിക്ക് ഇൻഡോറിലെ ഹോൾക്കർ സ്‌റ്റേഡിയത്തിൽ നടക്കും. ഒരിടവേളയ്‌ക്ക് ശേഷമുള്ള വിരാട് കോലിയുടെ തിരിച്ച് വരവും 150-ാം ടി20 മത്സരത്തിനായി നായകൻ രോഹിത് ശർമ്മ ഇറങ്ങുന്നുവെന്ന പ്രത്യേകതയും ഇന്നത്തെ മത്സരത്തിനുണ്ട്. മലയാളി താരം സഞ്ജുവിന് ഇടം ലഭിക്കുമോയെന്ന ആകാംക്ഷയും ആരാധകർക്കുണ്ട്. സ്‌പോർട്‌സ് 18 ചാനൽ വഴിയും ജിയോ സിനിമ വഴിയും മത്സരം കാണാം.
ആദ്യ ടി20യിൽ തോറ്റ അഫ്ഗാനിസ്ഥാന് പരമ്പരയിൽ സജീവമാകാൻ ഇന്ന് ജയിച്ചേ മതിയാവൂ. 6 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. 2022-ൽ നടന്ന ടി20 ലോകകപ്പിന്റെ സെമിഫൈനലിലാണ് കോലി അവസാനമായി ടി20യ്‌ക്ക് വേണ്ടി പാഡണിഞ്ഞത്. അത് കൊണ്ടുതന്നെ ഇന്ത്യൻ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് ഉറപ്പാണ്. റിങ്കു സിംഗ് ഉൾപ്പെടെയുള്ള യുവതാരങ്ങൾ മികച്ച പ്രകടനം കാഴ്ചവച്ച് ലോകകപ്പ് ടീമിൽ ഇടം നേടാനാണ് ശ്രമിക്കുന്നത്.
ഇന്ത്യ സാദ്ധ്യതാ ടീം
രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ/ ശുഭ്മാൻ ഗിൽ, വിരാട് കോലി, ജിതേഷ് ശർമ്മ/ സഞ്ജു സാംസൺ, റിങ്കു സിംഗ്, ശിവം ദുബൈ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ