നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ പി. രാജീവ് സമ്മർദ്ദം ചെലുത്തി; കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറിന്റെ മൊഴി വെളിപ്പെടുത്തി ഇഡി

Published by
Janam Web Desk

എറണാകുളം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവിനെതിരെ വെളിപ്പെടുത്തലുമായി ഇഡി. കരുവന്നൂർ ബാങ്കിൽ നിയമവിരുദ്ധ വായ്പകൾ അനുവദിച്ചു നൽകാൻ ബാങ്ക് ജീവനക്കാരിൽ സമ്മർദ്ദം ചെലുത്തിയതുമായി ബന്ധപ്പെട്ട സത്യവാങ്മൂലം, ഇഡി കോടതിയിൽ സമർപ്പിച്ചു. ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി തട്ടിപ്പിൽ പങ്കുള്ള അലി സാബ്‌റി നൽകിയ ഹർജിയിലാണ് ഇഡി മറുപടി സത്യവാങ്മൂലം നൽകിയത്.

മന്ത്രി പി. രാജീവിനെതിരെ കരുവന്നൂർ ബാങ്ക് മുൻ സെക്രട്ടറി സുനിൽ കുമാറും ഇഡിക്ക് മൊഴി നൽകിയിരുന്നു. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്ന സമയത്താണ് പി രാജീവ് നിയമവിരുദ്ധ വായ്പകൾ അനുവദിക്കാൻ സമ്മർദ്ദം ചെലുത്തിയതെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സിപിഎം ലോക്കൽ ഏരിയ കമ്മിറ്റികളുടെ പേരിൽ നിരവധി അക്കൗണ്ടുകളാണുള്ളത്. പാർട്ടി കെട്ടിട അക്കൗണ്ട്, ഏരിയ കോൺഫറൻസ് സുവനീർ അക്കൗണ്ട്, എന്നീ അക്കൗണ്ടുകളുടെ പേരുകളിൽ തട്ടിപ്പ് നടത്തിയതായും ഇഡി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ ഈ രഹസ്യ അക്കൗണ്ടുകൾ വഴിയുള്ള നിക്ഷേപം 100 കോടിയിലധികമാണെന്നും സത്യാവാങ്മൂലത്തിൽ പറയുന്നു.

കരുവന്നൂർ ബാങ്ക് നിക്ഷേപത്തട്ടിപ്പിൽ സിപിഎമ്മിനും കമ്മീഷൻ ലഭിച്ചെന്നാണ് ഇഡിയുടെ നിഗമനം. പാർട്ടി അക്കൗണ്ടുകൾ വഴി നടന്നത് ബിനാമി ലോണുകളുടെ കമ്മീഷൻ തുകയുടെ കൈമാറ്റമാണ്. ക്രമക്കേട് പുറത്തറിഞ്ഞതോടെ പാർട്ടി അക്കൗണ്ടിൽ നിന്നും പകുതിയിലധികം പണം പിൻവലിച്ചതായും ഇഡി പറയുന്നു.

Share
Leave a Comment