കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും പ്രതി തടവുചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചെന്ന് റിപ്പോർട്ട്. ലഹരിക്കേസ് പ്രതിയായ കൊയ്യോട് സ്വദേശി ഹർഷാദ് കഴിഞ്ഞ ദിവസം ജയിൽ ചാടിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സെൻട്രൽ ജയിൽ സൂപ്രണ്ട് ജയിൽ ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
പ്രതിയെ വെൽഫെയർ വിഭാഗത്തിലേക്ക് നിയോഗിച്ചത് വീഴ്ചയാണെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്ഥരുടെ എണ്ണത്തിലുള്ള കുറവ് ജയിലിലെ പ്രവർത്തനത്തിന് പ്രതിസന്ധികൾ സൃഷ്ടിക്കാറുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ലഹരിക്കേസുമായി ബന്ധപ്പെട്ട് ശിക്ഷ ലഭിച്ച് കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹർഷാദ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തുന്നത്.
ഇന്നലെയാണ് പ്രതി ജയിൽ ചാടിയത്. ജയിലിലേക്കുള്ള പത്രം എടുക്കുന്നതിനായി രാവിലെ 6.45-ഓടെ ദേശീയപാതയോരത്തേക്ക് പോയ ഹർഷാദ് അവിടെയുണ്ടായിരുന്ന ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. പ്രതി സംസ്ഥാനം വിട്ടതായാണ് പുറത്തു വരുന്ന വിവരം. പ്രതിക്ക് വേണ്ടി കർണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.















