ബെംഗളൂരു: ചിന്നസ്വാമി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടി20 മത്സരത്തിൽ അന്താരാഷ്‌ട്ര ടി20-യിൽ അഞ്ച് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ആദ്യ രണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ സാധിക്കാതിരുന്ന രോഹിത് 64 പന്തിലാണ് തന്റെ അഞ്ചാം സെഞ്ച്വറി നേടിയത്. ഒരു ഘട്ടത്തിൽ തകർന്ന ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത് രോഹിത്തിന്റെ ഇന്നിംഗ്‌സാണ്. 69 പന്തിൽ നിന്ന് എട്ടു സിക്സും 11 ഫോറുമടക്കം 121 റൺസാണ് രോഹിത്തിന്റെ ബാറ്റിൽ നിന്ന് പിറന്നത്.
14 മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലൂടെ ടി20യിലേക്ക് താരം മടങ്ങി വരുന്നത്. 2019 ജനുവരിയിലാണ് രോഹിത് അവസാന ടി20 സെഞ്ച്വറി നേടിയത്. ടി20 ചരിത്രത്തിൽ ഒരു ഇന്ത്യൻ ക്യാപ്റ്റൻ എന്ന നിലയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായും അദ്ദേഹം മാറി. വിരാട് കോലിയുടെ 1570 റൺസിന്റെ റെക്കോർഡാണ് രോഹിത് മറികടന്നത്.















