വാഷിംഗ്ടൺ: പ്രധാനമന്ത്രിയെയും ഭാരതത്തെയും പ്രശംസിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ. പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പിലാക്കിയ നയങ്ങളും അദ്ദേഹത്തിന്റെ ദർശനങ്ങളും ഇന്ത്യയെ അസാധാരണമായ വിജയഗാഥയിലേക്കാണ് നയിക്കുന്നത്. രാജ്യത്തെ ജനങ്ങൾക്ക് പ്രയോജനപ്പെടും വിധത്തിൽ നിരവധി കാര്യങ്ങൾ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ദൃഢബന്ധത്തെ കുറിച്ചും അദ്ദേഹം എടുത്തു പറഞ്ഞു. ഇരു രാജ്യങ്ങൾക്കും ഉപകാരപ്രദമാകുന്ന തരത്തിൽ, എല്ലാ വശങ്ങളെയും ഉൾക്കൊള്ളിച്ച് കൊണ്ടാണ് ഇരു നേതാക്കളും സംസാരിക്കുന്നതെന്നും ബ്ലിങ്കൺ പറഞ്ഞു.
പ്രധാനമന്ത്രിയുടെ കൃത്യമായ ഇടപെടലിൽ മറ്റ് രാജ്യങ്ങൾക്കും ഏറെ ഗുണങ്ങൾ ഉണ്ടായി. ഉഭയകക്ഷി ബന്ധം പുതിയ തലങ്ങൾ കൈവരിച്ചിരിക്കുന്നത് തന്നെ ഇതിന് ഉദാഹരണം. ജനാധിപത്യത്തെ കുറിച്ചും മനുഷ്യാവകാശങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളും നിരന്തരം സംഭാഷണത്തിലേർപ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.