ലക്നൗ: രാംലല്ലയുടെ വിഗ്രഹം രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ഇന്ന് ഉച്ചയ്ക്ക് 12:45-ന് സ്ഥാപിക്കുമെന്ന് വൃത്തങ്ങൾ. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി ശ്രീകോവിലിൽ സ്ഥാപിക്കാനുള്ള രാംലല്ലയുടെ വിഗ്രഹം ഇന്നലെ രാത്രിയോടെ അയോദ്ധ്യയിലെത്തിയിരുന്നു. തീർത്ഥപൂജ, ജലയാത്ര, ഗന്ധാധിവാസം എന്നീ ചടങ്ങുകളും ഇന്ന് നടക്കും.
പ്രമുഖ ശിൽപി അരുൺ യോഗിരാജ് കരിങ്കലിൽ കൊത്തിയെടുത്ത 200 കിലോയോളം ഭാരം വരുന്ന വിഗ്രഹം ഘോഷയാത്രയുടെ അകമ്പടിയോടെയാണ് അയോദ്ധ്യയിലെത്തിച്ചത്. ജയ് ശ്രീറാം വിളികളുടെ അകമ്പടിയോടെ ആയിരുന്നു ഘോഷയാത്ര.
പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച ട്രക്കിൽ നിന്ന് ക്രെയിൻ ഉപയോഗിച്ചാണ് വിഗ്രഹം ഉയർത്തിയത്. ഹനുമാൻഗർഹി ക്ഷേത്രത്തിലും മറ്റ് പ്രധാന ക്ഷേത്രങ്ങളിലും ഘോഷയാത്രയെ സ്വീകരിച്ചു. വിഗ്രഹം അകത്തേക്ക് കയറ്റും മുൻപ് ശ്രീകോവിലിൽ പ്രത്യേക പൂജയും നടന്നിരുന്നു.