ജിയോബുക്കിന്റെ വിജയത്തിന് പിന്നാലെ കുറഞ്ഞ വിലയിൽ കിടിലൻ ലാപ്ടോപ്പ് അവതരിപ്പിക്കാൻ ടെലികോം വിപണിയിലെ കരുത്തരായ റിലയൻസ് ജിയോ. ക്ലൗഡ് അധിഷ്‌ഠിത ലാപ്‌ടോപ്പ് അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ട്. കേവലം 15,000 രൂപ മാത്രമാകും ഇതിന്റെ വില.
പരമ്പരാഗത ഹാർഡ്‌വെയർ ഉപകരണങ്ങളിൽ നിന്ന് വ്യത്യസ്തമായാകും ഡംബ് ടെർമിനൽ എന്ന് വിളിക്കപ്പെടുന്ന ഈ ക്ലൗഡ് അധിഷ്‌ഠിത ലാപ്‌ടോപ്പ്. ക്ലൗഡ് കമ്പ്യൂട്ടിംഗിന്റെ കഴിവുകളെ ഉപയോഗപ്പെടുത്താൻ ഇതിന് സാധിക്കും. സ്റ്റോറേജിനും പ്രോസസ്സിംഗിനുമായി ജിയോക്ലൗഡിനെയാകും പ്രയോജനപ്പെടുത്തുക. ലാപ്പ്ടോപ്പ് വിപണിയിൽ തന്നെ വലിയ മാറ്റത്തിന് ഇത് വഴിവെക്കും. ഉയർന്ന നിലവാരം പുലർത്തുന്ന ഹാർഡ്‌വെയറുകളുടെ സഹായമില്ലാതെ തന്നെ മികച്ച സേവനം നൽകാൻ ജിയോയുടെ പുതിയ ലാപ്ടോപ്പിന് സാധിക്കും.
ഒരു ലാപ്‌ടോപ്പിന്റെ വില, അതിന്റെ ഹാർഡ്‌വെയർ ഘടകങ്ങളായ മെമ്മറി, പ്രോസസ്സിംഗ് പവർ, ചിപ്‌സെറ്റ് മുതലായവയെ ആശ്രയിച്ചിരിക്കുന്നു. എന്നാൽ ജിയോയുടെ ക്ലൗഡ് അധിഷ്ഠിത ലാപ്ടോപ്പിൽ ഇവ ഉണ്ടാകില്ല. ലാപ്‌ടോപ്പിന്റെ പ്രോസസ്സിംഗ് ജിയോ ക്ലൗഡിലാകും നടക്കുക. അതുകൊണ്ട് തന്നെ ലാപ്ടോപ്പുകളുടെ വില കുത്തനെ കുറയാൻ കാരണമാകും.
പരമ്പരാഗത ലാപ്‌ടോപ്പുകളിൽ നിന്ന് വ്യത്യസ്തമായി ജിയോക്ലൗഡ് ലാപ്‌ടോപ്പ് സുസ്ഥിരമായ ഇന്റർനെറ്റ് കണക്ഷൻ നൽകുന്നു. കാര്യക്ഷമമായ കമ്പ്യൂട്ടിംഗ് ജോലികൾക്ക് ഇത് പ്രയോജനപ്പെടുത്താം. വൈവിധ്യമാർന്ന സേവനങ്ങളിലേക്ക് അതിവേഗം പ്രവേശിക്കാൻ ഇത് അവസരം നൽകുന്നു.