കണ്ണൂർ: സേവാഭാരതി കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പി. രമണിക്ക് നിർമിച്ചു നൽകുന്ന വീടിന്റെ കുറ്റിയിടൽ ചടങ്ങ് നടന്നു. പൂവത്തൂർ പാലത്തിനടുത്ത് വാസയോഗ്യമല്ലാത്ത വീട്ടിലാണ് രമണിയുടെയും രണ്ടു പെൺമക്കളും താമസിച്ചിരുന്നത്. കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞ് സേവാഭാരതി പാട്യം യൂണിറ്റ് പുതിയ വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു.
രമണിയുടെ പേരിലുള്ള സ്ഥലത്ത് 650 ചതുരശ്രയടിയിൽ രണ്ടു കിടപ്പുമുറിയുള്ള വീടാണ് നിർമിക്കുന്നത്. ഭർത്താവ് കോമത്ത് രവീന്ദ്രന്റെ മരണത്തോടുകൂടിയാണ് കുടുംബം ദുരിതക്കയത്തിലായത്. തൊഴിലുറപ്പടക്കമുള്ള ജോലി ചെയ്താണ് രമണി കുടുംബം പുലർത്തുന്നത്.
സേവാഭാരതി പാട്യം പഞ്ചായത്ത് യൂണിറ്റ് പ്രസിഡന്റ് കെ. ശശിധരൻ, ആർഎസ്എസ് കൂത്തുപറമ്പ് ഖണ്ഡ് കാര്യവാഹ് ഷിനിൽ ശങ്കർ, പാട്യം ഗ്രാമപഞ്ചായത്ത് മെമ്പർ എൻ. റീന, സി. കെ സുരേഷ്, ആർ. വി ശശിധരൻ, ഹരീഷ് ഇല്ലോളി, സി. അരവിന്ദൻ മാസ്റ്റർ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.