ബ്ലൂംഫൗണ്ടെയിൻ: അണ്ടർ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കമായി. 16 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിലെ ഫേവറിറ്റുകൾ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ തന്നെയാണ്. നാളെ ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ ആദ്യ പോരാട്ടം. ബ്ലൂംഫൗണ്ടെയിൻനിലെ മങ്ക്യാവു ഓവലിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം. കഴിഞ്ഞ മാസം നടന്ന അണ്ടർ 19 ഏഷ്യാകപ്പ് സെമിഫൈനലിൽ ഇന്ത്യയെ ബംഗ്ലാദേശ് പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് എയിൽ അയർലൻഡും അമേരിക്കയുമാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ.
ബാറ്റിംഗിൽ ഇന്ത്യയുടെ പ്രതീക്ഷ നായകൻ ഉദയ് സഹറാൻ, ആരവല്ലി അവനിഷ്, മുഷീർ ഖാൻ എന്നിവരിലാണ്. അർഷിൻ കുൽക്കർണി, സൗമി കുമാർ പാണ്ഡേ, ആരാധ്യ ശുക്ല എന്നിവരടങ്ങുന്ന ബൗളിംഗ് നിരയും മികച്ച ഫോമിലാണ്. 2000, 2008, 2012, 2018, 2022 വർഷങ്ങളിൽ ഇന്ത്യയാണ് കിരീടത്തിൽ മുത്തമിട്ടത്. 2016 മുതലുള്ള എല്ലാ ലോകകപ്പുകളിലും ടീം കലാശപ്പോരിനും ഇറങ്ങിയിട്ടുണ്ട്. സ്റ്റാർ സ്പോർട്സിലൂടെയും ഡിസ്മി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും മത്സരം തത്സമയം കാണാം.
ഇന്ത്യൻ ടീം: ഉദയ് സഹറാൻ (ക്യാപ്റ്റൻ), രുദ്ര പട്ടേൽ, സച്ചിൻ ദാസ്, പ്രിയാൻഷു മോളിയ, മുഷീർ ഖാൻ, അൻഷ് ഗോസായ്, അർഷിൻ കുൽക്കർണി, ആദർശ് സിംഗ്, സൗമി കുമാർ പാണ്ഡേ (വൈസ് ക്യാപ്റ്റൻ), ധനുഷ് ഗൗഡ, മുഹമ്മദ് അമാൻ, ആരവല്ലി അവനിഷ് (വിക്കറ്റ് കീപ്പർ), ഇന്നേഷ് മഹാജൻ (വിക്കറ്റ് കീപ്പർ), മുരുഗൻ അഭിഷേക്, നമാൻ തിവാരി, രാജ് ലിംബാനി, പ്രേം ദേവ്കർ, ആരാധ്യ ശുക്ല