അയോദ്ധ്യ എന്നത് രാമജന്മഭൂമി തന്നെയാണെന്ന് മുൻ കാലിക്കറ്റ് സർവ്വകലാശാല വൈസ് ചാൻസലർ അബ്ദുൾ സലാം. അയോദ്ധ്യാ രാമക്ഷേത്രത്തിൽ രാഷ്‌ട്രീയം പറയേണ്ടതില്ല. ഒരു സാധാരണ പൗരൻ എന്ന നിലയിലാണ് ഇതിനെ ഞാൻ നോക്കി കാണുന്നത്. അയോദ്ധ്യാ വിഷയത്തെപ്പറ്റി കൃത്യമായി ഗവേഷണം ചെയ്ത ഒരാളാണ് കെ.കെ മുഹമ്മദ്. അദ്ദേഹം പുരാവസ്തു ഗവേഷകനും ചരിത്രകാരനും കൂടിയാണ്. കെ.കെ മുഹമ്മദ് ഒരു മുസ്ലീമാണ്, അദ്ദേഹം സത്യസന്ധനാണ്. 1976-ൽ തന്നെ ഈ വിഷയത്തെപ്പറ്റി ഗവേഷണം നടത്തിയ വ്യക്തിയാണ് കെ.കെ മുഹമ്മദ്. അദ്ദേഹത്തിന്റെ കണ്ടെത്തലുകൾ വായിക്കുന്ന ആർക്കും മനസിലാകും അയോദ്ധ്യാ എന്നത് രാമജന്മഭൂമിയാണെന്ന്.
ബാബറിന്റെ കാലത്തെ ഭരണാധികാരികൾ മതത്തിന് വേണ്ടി ക്ഷേത്രം തകർത്ത് അതിന്റെ മുകളിൽ പള്ളി പണിയുകയായിരുന്നു. അന്നത്തെ ഭൂരിപക്ഷം മുസ്ലീങ്ങൾക്ക് അതിൽ താത്പര്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അവിടെ കാര്യമായി പ്രാർത്ഥനയൊന്നും നടന്നിരുന്നില്ല. ഹിന്ദുക്കൾക്ക് വലിയ വിഷമം ഉണ്ടായിട്ടുണ്ട്. ഈ പ്രശ്നങ്ങളെ വഷളാക്കി മുതലാക്കിയത് ഇടതുപക്ഷ ചരിത്രകാരന്മാരും ചില തീവ്ര മുസ്ലീം വിഭാഗങ്ങളുമാണ്. ചരിത്രം വളരെ വ്യക്തമാണ്, അയോദ്ധ്യയിലേത് രാമജന്മഭൂമി തന്നെയാണ്.
ക്ഷേത്രത്തിൽ കയറി തന്നെയാണ് പള്ളി പണിതത്. കൃത്യമായി പഠിച്ചിട്ട് തന്നെയാണ് ക്ഷേത്രം നിർമ്മിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. മുസ്ലീങ്ങൾക്ക് എങ്ങനെയാണോ മക്കയും മദീനയും, അത്രയും പവിത്രവും പരിപാവനവുമാണ് ഹിന്ദുക്കൾക്ക് അയോദ്ധ്യാ രാമജന്മഭൂമി. അവരുടെ വികാരമാണത്, അതിൽ കൈ കടത്തുന്നത് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ഒരു കാര്യം മനസിലാക്കണം, ക്ഷേത്രം തകർക്കപ്പെട്ടിട്ടും ഹിന്ദുക്കൾ എന്ത് സഹിഷ്ണുതയുള്ളവരാണ്. അവർ വലിയ പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടില്ല. പുറത്ത് നിന്ന മതങ്ങളെ സ്വീകരിച്ച ഹിന്ദുക്കളെ കൈകൂപ്പി തൊഴണം- അബ്ദുൾ സലാം പറഞ്ഞു.















