തിരുവനന്തപുരം: ഉപ്പുതൊട്ടു കർപ്പൂരം വരെയുള്ള സാധനങ്ങളുടെ വില കുതിച്ചുക്കയറുമ്പോഴും നിയന്ത്രണത്തിന് വിപണയിൽ ഒരു ഇടപെടലും നടത്താതെ സംസ്ഥാന ഭക്ഷ്യവകുപ്പ്. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുടെ വിതരണം മുടങ്ങിയിട്ട് അഞ്ചുമാസത്തിലേറെയായെങ്കിലും എല്ലാം ഉണ്ടെന്നാണ് ഇപ്പോഴും മന്ത്രിയുടെ അവകാശ വാദം. അരിവില കിലോയ്‌ക്ക് അർദ്ധ സെഞ്ച്വറി കടന്നതും സാധാരണക്കാർക്ക് ഇരുട്ടടിയായി.
42 മുതൽ 46 വരെ വിലയുണ്ടായിരുന്ന അരിവിലയാണ് പൊടുന്നനെ 52 രൂപയായത്. ഇത് മൊത്തവിലയാണെങ്കിൽ ചില്ലറ വില്പന കേന്ദ്രങ്ങളിൽ 60 നോട് അടുത്തു വില. കിട്ടാനുള്ള 800 കോടി ലഭിക്കാതെ സപ്ലൈകോയ്‌ക്ക് സാധനങ്ങൾ നൽകില്ലെന്ന നിലപാടിലാണ് വിതരണക്കാർ. ഇതിനിടെ കണ്ണിൽ പൊടിയിട്ട് തത്കാലം പിടിച്ചുനിൽക്കാൻ സർക്കാർ കുറച്ചു പണം അനുവദിച്ചിരുന്നു. എന്നാൽ വിതരണക്കാർ പൂർണമായി ഇതിന് വഴങ്ങി സാധനം നൽകാൻ തയാറായിട്ടില്ല.
സബ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാൻ ശുപാർശ ചെയ്ത വിദഗ്ധ സമിതി റിപ്പോർട്ട് സർക്കാരിന്റെ മേശയിലാണെങ്കിൽ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ സർക്കാർ ഉടനെ ഇതിന് മുതിർന്നേക്കില്ല. ദിനംപ്രതി 10 കോടി രൂപ വരെ വിറ്റുവരവുണ്ടായിരുന്ന സപ്ലൈകോ വിപണിയിൽ നിലവിൽ ഒരു കോടി കടക്കാൻ പാടുപെടുകയാണ്.1425 കോടിയാണ് സർക്കാർ സപ്ലൈകോയ്‌ക്ക് നൽകാനുള്ള കുടിശിക. ഇത് ഈ അടുത്തകാലത്തൊന്നും കിട്ടില്ലെന്നാണ് സപ്ലൈകോയുടെ പക്ഷം.