ഭോപ്പാൽ: അയൽരാജ്യമായ പാകിസ്താൻ പോലും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പോലെ ഒരു നേതാവിനെ ആഗ്രഹിക്കുന്നുണ്ടെന്ന പ്രശംസയുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. ഭോപ്പാലിലെ ആനന്ദ് നഗറിലുള്ള രാമക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ ഓരോ നീക്കങ്ങളേയും തീരുമാനങ്ങളേയും ലോകം ഉറ്റു നോക്കുകയാണെന്നും, ഇന്ത്യ ഇപ്പോൾ അതിന് സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണെന്നും മോഹൻ യാദവ് വ്യക്തമാക്കി.
” പ്രധാനമന്ത്രി നരേന്ദ്രമോദി തങ്ങളുടെ നേതാവായിരുന്നെങ്കിൽ എന്നാണ് പലരും ആഗ്രഹിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾ മാത്രമല്ല അയൽരാജ്യങ്ങളും ഈ ആഗ്രഹം പ്രത്യക്ഷമായി പ്രകടിപ്പിച്ചിട്ടുണ്ട്. പാകിസ്താന്റെ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഒരു പൊതുവേദിയിൽ ഈ ആഗ്രഹം പങ്കുവയ്‌ക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓരോ നീക്കങ്ങളും അത്യധികം ആകാംക്ഷയോടെയാണ് ലോകം ഇന്ന് ഉറ്റുനോക്കുന്നത്.
രാമരാജ്യം എന്നത് ഭാരതത്തിലെ ഓരോ പൗരനും ആഗ്രഹിക്കുന്ന കാര്യമാണ്. ഭഗവാൻ രാമനെ പോലെ ഒരു പുത്രനെ എല്ലാവരും ആഗ്രഹിക്കുന്നു. മര്യാദ പുരുഷോത്തമനാണ് രാമൻ. ലക്ഷക്കണക്കിന് വർഷങ്ങൾ കഴിഞ്ഞാലും രാമരാജ്യം എന്ന ചിന്താഗതി ആളുകളുടെ മനസിൽ ഉണ്ടാകുമെന്നും” മോഹൻ യാദവ് വ്യക്തമാക്കി. രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി മദ്ധ്യപ്രദേശ്, സർക്കാർ ഓഫീസുകൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്‌കൂളുകൾക്കും കോളേജുകൾക്കും അന്നേ ദിവസം പൂർണ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.















