ഹൈദരാബാദ് വീണ്ടും ദേശീയ ടീമിൽ നിന്ന് അവധിയെടുത്ത് സൂപ്പർ താരം വിരാട് കോലി. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടക്കുന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിൽ താരം കളിക്കില്ല. ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് പിന്മാറ്റം എന്നു പറയുന്നുണ്ടെങ്കിലും ദുരൂഹത അവശേഷിപ്പിച്ചാണ് താരം വീണ്ടും അവധിയെടുക്കുന്നത്.
താരത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ബിസിസിഐ അഭ്യർത്ഥിച്ചിട്ടുണ്ട്. നായകൻ രോഹിത് ശർമ്മയുമായുള്ള ചർച്ചയ്‌ക്ക് ശേഷമാണ് താരം അവധിക്ക് അപേക്ഷിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. ടെസ്റ്റിൽ ഇന്ത്യയെ സംബന്ധിച്ച് കോലിയുടെ അഭാവം വളരെ വലുതാണ്.ഭാര്യ അനുഷ്ക ശർമ്മ ഗർഭിണിയാണെന്നും ഇക്കാരണത്താലാണ് താരം അവധിയെടുത്തതെന്നുമാണ് റിപ്പോർട്ടുകൾ.
ഇംഗ്ലീഷുകാർക്കെതിരെ വലിയ റെക്കോർഡുള്ള താരമാണ് കിംഗ്. ഇംഗ്ലണ്ടിനെതിരെ 28 മത്സരങ്ങളിൽ നിന്ന് 1991 റൺസ് നേടിയിട്ടുള്ള കോലിയുടെ ശരാശരി 42.36 ആണ്.അഞ്ചു സെഞ്ച്വറിയും 9 അർദ്ധ സെഞ്ച്വറിയുമടക്കമാണിത്. അതേസമയം കോലിയുടെ പകരക്കാരനെ ഇതുവരെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ചേതശ്വർ പൂജാരയോ രജത് പട്ടിദാറോ കോലിക്ക് പകരമായി ടീമിലെത്തുമെന്നാണ് സൂചന. ഹൈദരാബാദിൽ ജനുവരി 25 മുതലാണ് ആദ്യ ടെസ്റ്റ്.