തൃശൂർ: കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്ത് ദളിത് യുവാവ് ആത്മഹത്യ ചെയ്ത കേസിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് തൃശൂർ എസ്.സി-എസ്.ടി കോടതി. തൃശൂർ എങ്ങണ്ടിയൂർ സ്വദേശി 19-കാരനായ വിനായകൻ ജീവനൊടുക്കിയത്.
2017 ജൂലൈ മാസത്തിലായിരുന്നു സംഭവം. പോലീസ് മർദ്ദനത്തെ തുടർന്നാണ് വിനായകൻ ആത്മഹത്യ ചെയ്തതെന്നായിരുന്നു പരാതി. കേസിൽ പോലീസുകാർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയിരുന്നില്ല. ക്രൈംബ്രാഞ്ചാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ഉല്ലാസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസുകാരായ സാജൻ, ശ്രീജിത് എന്നിവരുടെ പങ്കിനെ കുറിച്ച് വ്യക്തമായത്. ഇരുവരും പാവറട്ടി സ്റ്റേഷനിൽ വെച്ച് വിനായകനെ ക്രൂരമായി മർദ്ദിച്ചെന്ന് കുറ്റപത്രത്തിൽ പറയുന്നു. വിനായകന് ജനനേന്ദ്രിയത്തിൽ ഉൾപ്പെട മർദ്ദനമേറ്റിരുന്നു. വിനായകനെ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്തു. അന്യായമായി തടങ്കലിൽ വെക്കൽ, പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുളള അതിക്രമം തടയുന്നതിനുളള വകുപ്പുകൾ മാത്രമാണ് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ചുമത്തിയിരുന്നത്.
മരണത്തെക്കുറിച്ച് പോലീസും ക്രൈംബ്രാഞ്ചിന്റെ ആദ്യ സംഘവും അന്വേഷിച്ചെങ്കിലും സാജൻ, ശ്രീജിത് എന്നീ പോലീസുകാർ കുറ്റക്കാരല്ലെന്നാണ് കണ്ടെത്തിയത്. ഇരുവരുടെയും സസ്പെൻഷൻ പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കുടുംബത്തിന്റെ പരാതിയെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിനെ എൽപ്പിക്കുകയായിരുന്നു.