ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ഉത്തർപ്രദേശിലെ ബിജെപിയുടെ പ്രചാരണ പരിപാടികൾക്ക് നാളെ തുടക്കമാകും. ബുലന്ദ്ഷഹറിൽ ആദ്യ തിരഞ്ഞെടുപ്പ് റാലി നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. 2019-ലെ തിരഞ്ഞെടുപ്പിൽ പരാജയം നേരിട്ട സീറ്റുകളിലടക്കം വിജയം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നത്. ബുലന്ദ്ഷഹറിലെ തിരഞ്ഞെടുപ്പ് റാലിയിൽ അഞ്ച് ലക്ഷത്തോളം പേർ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടിയുടെയും കോൺഗ്രസിന്റെയും സീറ്റ് ചർച്ചകൾ തുടരുകയാണ്. ഇൻഡി മുന്നണിയിൽ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള ഭിന്നതകൾ രൂക്ഷമാണെങ്കിലും അമേഠി രാഹുലിന് നൽകാൻ സമാജ്വാദി പാർട്ടി തയ്യാറാണെന്ന സൂചനയാണ് പുറത്തുവരുന്നത്. രാഹുൽ അമേഠിയിൽ നിന്ന് ജനവിധി തേടണമെന്ന ആഗ്രഹമാണ് യുപി കോൺഗ്രസിനും ഉള്ളത്. രാഷ്‌ട്രീയത്തിൽ തോൽവിയും ജയവും ഉണ്ടാകുമെന്നാണ് അമേഠിയിലെ രാഹുലിന്റെ പരാജയത്തെക്കുറിച്ച് എസ്.പി. നേതാവ് അഖിലേഷ് യാദവ് പറഞ്ഞത്.