ഇമ്മാനുവൽ മാക്രോണിന് രാഷ്‌ട്രപതി ഭവനിൽ സ്വീകരണം; ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി

Published by
Janam Web Desk

ന്യൂഡൽഹി: രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായി കൂടിക്കാഴ്ച നടത്തി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. രാഷ്‌ട്രപതി ഭവനിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. രാഷ്‌ട്രപതി ഭവനിൽ നൽകിയ ആചാരപരമായ സ്വീകരണത്തിന് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻകർ, ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് എന്നിവരും കൂടിക്കാഴ്ചയുടെ ഭാഗമായി.

75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് മാക്രോൺ ഇന്ത്യയിലെത്തിയത്. ഇന്നലെ രാജസ്ഥാനിലെ ജയ്പൂരിലെത്തിയ മാക്രോണിനെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മയും ഗവർണറും നേരിട്ടെത്തിയാണ് സ്വീകരിച്ചത്. ഇതിന് പിന്നാലെ ജന്തർമന്തർ, ആംബർ ഫോർട്ട്, ഹവാ മഹൽ തുടങ്ങിയ സുപ്രധാന സ്ഥലങ്ങൾ സന്ദർശിച്ച അദ്ദേഹം വിദ്യാർത്ഥികളോടും മറ്റുള്ളവരോടും സംവദിച്ചിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും മാക്രോണും ചേർന്ന് റോഡ് ഷോ നടത്തിയിരുന്നു.

കർത്തവ്യപഥിൽ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയ മാക്രോണിനെയും പ്രധാനമന്ത്രി സ്വീകരിച്ചു. പരമ്പരാഗത രീതിയിലിൽ അലങ്കരിച്ച രഥത്തിലാണ് രാഷ്‌ട്രപതി ഭവനിൽ നിന്ന് മാക്രോൺ കർത്തവ്യ പഥിലെത്തിയത്. 95 അംഗ ഫ്രഞ്ച് സൈന്യവും റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായിരുന്നു. ഇതിന് പുറമേ 33 അംഗ ബാൻഡ് സംഘവും പരേഡിൽ അണിനിരന്നിരുന്നു. ഫ്രഞ്ച് വ്യോമസേനയുടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും എയർബസ് അ330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്‌പോർട്ട് എയർക്രാഫ്റ്റും പരേഡിൽ സാന്നിധ്യമറിയിച്ചു.

Share
Leave a Comment