തിരുവനന്തപുരം : ഗവർണറുടെ പ്രതിഷേധം റോഡ് ഷോയെന്ന് മന്ത്രി വി.ശിവൻകുട്ടി. ഇത്തരം കാര്യങ്ങൾ ചെയ്യുന്ന അദ്ദേഹത്തിന്റെ മാനസികാവസ്ഥ ശരിയല്ലെന്നും ശിവൻകുട്ടി പറഞ്ഞു. പോലീസ് എല്ലാ സുരക്ഷയും വേണ്ടവിധത്തിൽ ചെയ്യുന്നുണ്ട്. ഗവർണറുടെ നടപടി ജനാധിപത്യ സംവിധാനത്തിന് എതിരാണ്.
നാലാമത്തെ ഷോയാണ് ഗവർണർ നടത്തിയത്. ആദ്യ തവണ ജനാധിപത്യ വിരുദ്ധമായ വാക്കുകൾ ഉപയോഗിച്ച് വിദ്യാർത്ഥികളെ അധിക്ഷേപിച്ചു. രണ്ടാമത് നയപ്രഖ്യാപനത്തിൽ കാണിച്ചു. മൂന്നാമത്തേത് റിപ്പബ്ലിക് ദിനത്തിലായിരുന്നു കാട്ടിയത്. ഇത്തരത്തിലുള്ള പ്രകടനം നടത്തിയ മറ്റൊരു ഗവർണർ വേറെയില്ല. കേരളത്തെ വെല്ലുവിളിക്കുന്നു.
നേരത്തെയൊക്കെ കരിങ്കൊടി കാണിച്ചതിന് കേസെടുത്തിട്ടുണ്ട്. അദ്ദേഹം ബോധപൂർവ്വം പ്രശനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. സർക്കാരിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ഗവർണർ ദേശീയ വാർത്തയുണ്ടാക്കാനുള്ള മനഃപൂർവ്വമായ ശ്രമമാണ് നടത്തുന്നത്. അദ്ദേഹത്തിന് എല്ലാവരോടും പുച്ഛമാണ്. ആരിഫ് മുഹമ്മദ് ഖാൻ അറിയേണ്ടത് കേരളത്തിലെ ഇടതുപക്ഷ സർക്കാർ തിരഞ്ഞെടുക്കപ്പെട്ടതാണ്. വളരെ മോശം പൊരുമാറ്റമൊക്കെ സഹിച്ചതാണ്. ഇനിയും ഷോ നടത്തി വിരട്ടാമെന്ന് കരുതേണ്ട. അതൊന്നും നടക്കാൻ പോകുന്നില്ല.