തിരുവനന്തപുരം: എസ്എഫ്ഐ ഗുണ്ടകളുടെ അതിക്രമത്തിൽ പ്രതിഷേധിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് മന്ത്രി വി ശിവൻകുട്ടി. രണ്ട് മണിക്കൂറോളം റോഡരികിൽ കസേരയിട്ടിരുന്ന് പ്രതിഷേധിച്ച ഗവർണറെ സമൂഹമാദ്ധ്യമത്തിലൂടെയാണ് മന്ത്രി അധിക്ഷേപിച്ചത്. ‘റോഡിലെ ചൂടിന് സോഡാ നാരങ്ങ ബെസ്റ്റാ’ എന്നാണ് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചത്. കൂടെ സോഡാ നാരങ്ങയുടെ ചിത്രവും ചേർത്തിട്ടുണ്ട്.
കൊല്ലം നിലമേലിൽ വച്ചാണ് എസ്എഫ്ഐ പ്രവർത്തകർ ഗവർണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. പോലീസിനെ നോക്കുകുത്തിയാക്കികൊണ്ട് എസ്എഫ്ഐക്കാർ ഗവർണറുടെ വാഹന വ്യൂഹത്തിന് മുന്നിലേക്ക് ചാടി വീഴുകയായിരുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ ആക്രമണത്തിന് പിന്നാലെ ഗവർണർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി പ്രതിഷേധിച്ചു. തുടർന്ന് എല്ലാവർക്കുമെതിരെ കേസെടുക്കണമെന്നും എഫ്ഐആറിന്റെ പകർപ്പ് അടിയന്തരമായി എത്തിക്കണമെന്നും പോലീസിനോട് ഗവർണർ നിർദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് 17 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത്. ഗവർണറുടെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.